റിയാദ്: അഴിമതിക്കേസ് ആരോപിക്കപ്പെട്ടതിന്റെ പേരിൽ സഊദി പൊതു സുരക്ഷാ ഡയറക്ടർ ഫസ്റ്റ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ബിൻ ഖറാർ അൽ ഹർബിയുടെ സേവനം അവസാനിപ്പിക്കാൻ രാജകീയ ഉത്തരവ്. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് സേവനം അവസാനിപ്പിച്ച് നിർബന്ധിത വിരമിക്കലിന് ഉത്തരവിട്ടത്. പൊതു സ്വകാര്യ മേഖലയിൽ നിന്നുള്ള 18 വ്യക്തികളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ കൈകൂലി, വ്യാജരേഖ ചമക്കൽ, അഴിമതി എന്നീ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിന് കൈമാറി.
പൊതു മുതൽ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നിയമലംഘനങ്ങളും ഇദ്ദേഹം നടത്തിയതായും ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കുമേതിരെയും ബന്ധപ്പെട്ട അതോറിറ്റി കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും റോയൽ ഉത്തരവിൽ വ്യക്തമാക്കി.