റിയാദ്: സഊദിയിലേക്ക് യുഎഇയിൽ നിന്നുള്ള പ്രവേശന വിലക്ക് സഊദി അറേബ്യ എടുത്തു കളഞ്ഞതോടെ സഊദി പ്രവാസികൾക്ക് ഇനി യുഎഇ വഴിയും പ്രവേശിക്കാൻ സാധിച്ചേക്കും. നിലവിൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് നിബന്ധനകൾ പാലിച്ച് സന്ദർശന വിസ അനുവദിക്കുന്നതിനാൽ ഇവിടെ പതിനാല് ദിവസം താമസിച്ച ശേഷം സഊദി പ്രവാസികൾക്ക് ഇനി സഊദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. യുഎഇ വഴിയുള്ള പ്രവേശനം കൂടി സാധ്യമാകുന്നതോടെ സഊദിയിലേക്കുള്ള പാക്കേജ് നിരക്കിൽ ഗണ്യമായ കുറവ് ഉണ്ടാകുകയും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് സഊദിയിലേക്ക് പ്രവേശനം സാധ്യമാകുകയും ചെയ്യും.
ഇത് വരെ യുഎഇ ഉൾപ്പെടെ ഇപ്പോൾ നിയന്ത്രണം നീക്കിയ മൂന്ന് രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് പ്രവേശിക്കണമെങ്കിൽ മറ്റു രാജ്യങ്ങളിൽ പതിനാല് ദിവസം കഴിയേണ്ടിയിരുന്നു. എന്നാൽ ഇനി മുതൽ പ്രസ്തുത നിബന്ധന ഇല്ലാതാകുന്നതിനാൽ നേരിട്ട് പ്രവേശനം അനുവദിക്കപ്പെടും. പുതിയ തീരുമാനം സഊദിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും വലിയ ആശ്വാസമാകുമെന്നാണു കരുതപ്പെടുന്നത്. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത ഇന്ത്യക്കാർക്ക് ഇനി ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 14 ദിവസം താമസിച്ച് സഊദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഇതോടെ മറ്റേത് ജിസിസി രാജ്യങ്ങളേക്കാളും കുറഞ്ഞ ചിലവിൽ സഊദിയിലേക്ക് പ്രവേശിക്കാൻ പ്രവാസികൾക്ക് കഴിഞ്ഞേക്കും.
നിലവിൽ ഗൾഫ് രാജ്യങ്ങളായ ഖത്തറിന് പുറമെ ഒമാൻ വഴിയും ബഹ്‌റൈൻ വഴിയും സഊദിയിലേക്ക് സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത ഇന്ത്യക്കാർക്ക് പ്രവേശന കവാടങ്ങൾ തുറന്നിരുന്നു. ഇതിനു പുറമെ യുഎഇയും തുറക്കുന്നതോടെ നേരത്തേയുണ്ടായിരുന്നത് പോലെ തന്നെ യുഎഇയിൽ ക്വാറന്റൈനിൽ കഴിഞ്ഞു സഊദിയിലേക്ക് അനായാസം പ്രവേശനം സാധ്യമാകുന്നതിനാൽ ഏറെ ആശ്വാസം തന്നെയാകും നൽകുക. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള പത്ത് രാജ്യങ്ങൾക്കുള്ള വിലക്ക് സഊദി അറേബ്യ തുടരും.