റിയാദ്: സഊദിയിലേക്ക് ബുക്കിംഗ് ആരംഭിച്ചതായി എയർഇന്ത്യ അറിയിച്ചു. എയർഇന്ത്യ എക്സ്പ്രസ്സ് നേരത്തെ തന്നെ ബുക്കിംഗ് ആരംഭിക്കുകയും ഷെഡ്യുളുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് എയർഇന്ത്യ സർവ്വീസുകൾ. എയർ ഇന്ത്യ വെബ്സൈറ്റ് വഴിയോ, ബുക്കിംഗ് ഓഫീസുകൾ വഴിയോ, കോൾ സെന്ററുകൾ വഴിയോ, അംഗീകൃത ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം, യാത്രക്കാർ സ്വീകരിക്കേണ്ട നിർദേശങ്ങളും നൽകിയിട്ടുണ്ട്.
സഊദിയില്‍ നിന്ന് നാട്ടിലേക്ക് പോകും മുമ്പ് കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച, താമസ പെര്‍മിറ്റ് ഉള്ളവര്‍ (ഇഖാമയും സാധുവായ എക്‌സിറ്റ് റി-എന്‍ട്രി വിസയും ഉള്ളവര്‍)ക്കാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് നേരിട്ട് സഊദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. ചെക്ക് ഇന്‍ ചെയ്യുന്നതിനു മുന്‍പ് സഊദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് തവക്കല്‍നാ മൊബൈല്‍ ആപ്പ് വഴി ഉറപ്പാക്കണം, ബോര്‍ഡിങ്ങിന് 72 മണിക്കൂറിനുള്ളിലെ ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കണം. ഇത് ഐ.സി.എം.ആര്‍ അംഗീകൃത ലാബില്‍ നിന്നാവുകയും ക്യു.ആര്‍ കോഡ് ഉണ്ടാവുകയും വേണം, മുഖീം വെബ്‌സൈറ്റില്‍ https://muqeem.sa/#vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കില്‍ കയറി ഇമ്മ്യുണൈസേഷന്‍ ഡാറ്റ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാർ സാധുവായ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും കൈവശം വെക്കണമെന്നും എയർഇന്ത്യ അറിയിച്ചു.





