ഫാല്‍ക്കന്‍ പക്ഷിക്ക് ലേലത്തിൽ ലഭിച്ചത് പതിനേഴര ലക്ഷം റിയാൽ

0
2206

റിയാദിൽ നടന്ന ഫാല്‍ക്കന്‍ പക്ഷി ലേല വേദിയിലാണ് റെക്കോഡ് വില ലഭിച്ചത്

റിയാദ്: അന്താരാഷ്ട്ര ലേലത്തിൽ ഒരു ഫാൽക്കൻ പക്ഷി വിറ്റു പോയത് പതിനേഴര ലക്ഷം റിയാലിന്. റിയാദിൽ നടന്ന ഫാല്‍ക്കന്‍ പക്ഷി ലേല വേദിയിൽ അവസാന ദിനത്തിലാണ് ഖര്‍മോഷ ജീര്‍ എന്ന അമേരിക്കന്‍ ഫാല്‍ക്കന് റെക്കോഡ് വില ലഭിച്ചത്. ഒരു മാസമായി റിയാദിലെ മുല്‍ഹിമില്‍ സഊദി ഫാല്‍ക്കന്‍ ക്ലബ് സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര ഫാല്‍ക്കന്‍ ലേലഹാളിലാണ് ലോകത്തെ ഏറ്റവും മുന്തിയ ഫാല്‍ക്കന് റെക്കോര്‍ഡ് വില ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ ഇവിടെ നാല്‍പത്തി മൂന്ന് ലക്ഷത്തി എണ്‍പത്തി ആറായിരം റിയാലിന്റെ ഫാൽക്കൻ ലേലമാണ് നടന്നത്. ഇന്നലെ മാത്രം മൂന്ന് ഫാല്‍ക്കനുകള്‍ മൊത്തം 20 ലക്ഷം റിയാലിനാണ് ലേലത്തില്‍ പോയത്.

സഊദി പൗരനാണ് ഖര്‍മോഷ ജീര്‍ എന്ന അമേരിക്കന്‍ ഫാൽക്കനെ ലേലത്തിൽ വിളിച്ചെടുത്തത്. അല്‍ട്രാവൈറ്റ് ഇനത്തില്‍ പെട്ട 16.50 ഇഞ്ച് നീളവും വീതിയും 980 ഗ്രാം തൂക്കവുമുള്ള ഫാല്‍ക്കനാണ് മുന്തിയ വില ലഭിച്ചത്. അമേരിക്കയിലെ പെസിഫിക് നോര്‍ത്ത് വെസ്റ്റ് ഫാമില്‍ നിന്നുള്ളതാണിത്. ഇതേ ഫാമില്‍ നിന്നുള്ള സൂപര്‍വൈറ്റ് ഫാല്‍ക്കന് ഒന്നര ലക്ഷം റിയാലും ജര്‍മനിയുടെ റെയ്‌നര്‍ ഫാല്‍ക്കന്‍സ് ഫാമില്‍ നിന്നുള്ള ഹുര്‍ ഇനത്തിലെ ഫാല്‍ക്കന് തൊണ്ണൂറായിരം റിയാലും ഇന്നലെ ലഭിച്ചു.



നേരത്തെ, കനേഡിയൻ ജിം വിൽസൺ ഫാൽക്കൺസ് ഫാമിൽ നിന്നെത്തിയ രണ്ട് ഫാൽക്കനുകൾക്ക് 443,000 റിയാൽ ലഭിച്ചിരുന്നു. സഊദി ഫാൽക്കൺസ് ക്ലബ് ആദ്യമായി സംഘടിപ്പിച്ച ലേലത്തിൽ 14 രാജ്യങ്ങളിൽ നിന്നുള്ള ലോകത്തിലെ മികച്ച ഫാമുകളിൽ നിന്നുള്ള ഫാൽക്കൺ പക്ഷികളാണ് അണിനിരന്നത്.