ബംഗളുരു: സഊദിയിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കർണ്ണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കെത്തിച്ച് സംസ്കരിച്ചു 34 കാരനായ ബസവരാജ് നവിയുടെ മൃതദേഹമാണ് നടപടിക്രമങ്ങൾക്ക് ശേഷം എംബസി സഹായത്തോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചത്. എന്നാൽ, ഇത് ആത്മഹത്യ ആയിരുന്നില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കൾ രംഗത്തെത്തി.
സിന്ദഗിയിലെ മലഘൻ ഗ്രാമത്തിൽ നിന്നുള്ള മരിച്ച ബസവരാജ് നവി കഴിഞ്ഞ രണ്ട് വർഷമായി സഊദിയിലെ ഒരു കൃഷിഭൂമിയിൽ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയായിരുന്നു. റിയാദിലെ ഇന്ത്യൻ എംബസിയുടെ റിപ്പോർട്ട് അനുസരിച്ച് ആഗസ്റ്റ് 12 നാണ് ബസവരാജ് തന്റെ സ്വീകരണമുറിയിൽ തൂങ്ങിമരിച്ചത്. സഊദി പ്രാദേശിക പോലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രമാണ് ബസവരാജിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്
അതേസമയം, ഇത് ആത്മഹത്യ അല്ലെന്നും കൊലപാതകം ആണെന്നുമാണ് ബന്ധുക്കളുടെ വാദം. മൃതദേഹം അന്തിമ കർമങ്ങൾക്കായി എടുത്തപ്പോൾ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളാണ് സംശയം ഉയർത്തുന്നത്. മുഴുവൻ കുടുംബവും കടുത്ത ആഘാതത്തിലാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി പാടുകളും മുറിവുകളും ഞങ്ങൾ കണ്ടെത്തിയെന്നും സ്വാഭാവിക മരണമല്ലെന്ന് ഇത് വ്യക്തമായ സൂചന നൽകുന്നുവെന്നുമാണ് മരണപ്പെട്ടയാളുടെ ബന്ധുവായ ഹനമന്ത നവി പ്രതികരിച്ചത്.
മാതാപിതാക്കളും ഭാര്യയും ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നയാളായിരുന്നുവെന്നും കുടുംബത്തിലോ സഊദി അറേബ്യയിലോ അയാൾക്ക് സാമ്പത്തികമോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഓഗസ്റ്റ് 26 മുതൽ ഒരു മാസത്തേക്ക് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കുടുംബത്തെ നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് മൂന്ന് കുട്ടികളെ വളർത്തുന്നത് ബുദ്ധിമുട്ടായതിനാൽ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ലഭിക്കാൻ സർക്കാർ സഹായിക്കേണ്ടതുണ്ടെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.




