ദമാം: സഊദിയിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നതോടൊപ്പം ഓഫ്‌ലൈൻ ക്ലാസ്സുകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി സ്കൂളുകൾ സർക്കുലറുകൾ കൈമാറി. വിദ്യാർത്ഥികളെ നേരിട്ട് പങ്കെടുപ്പിച്ചു ചില ക്ലാസുകൾ തുടങ്ങാനാണ് പദ്ധതി. വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 13 മുതൽ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് എംബസിക്ക് കീഴിലുള്ള ഇന്റർനാഷണൽ സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സെപ്റ്റംബർ 13 മുതൽ XI, XII ക്ലാസുകളിലെ പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് തുടക്കത്തിൽ ക്ലാസുകൾ നടത്താൻ തീരുമാനിച്ചതായി സർക്കുലറിൽ അറിയിച്ചു. ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും ക്ളാസുകൾ നടത്താനാണ് തീരുമാനം.
XI, XII ക്ലാസുകളിലെ, കൊവിഡ് 19 വാക്സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരെയാണ് ക്ലാസുകളിൽ അനുവദിക്കുക. കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള രക്ഷിതാക്കളുടെ സമ്മതപത്രം ക്ലാസ് ടീച്ചർമാർക്ക് സമർപ്പിക്കുകയും വേണം. ഈ ഓരോ ക്ലാസിന്റെയും മൊത്തം കുട്ടികളെ ഇരുപത് കുട്ടികളിൽ കവിയാത്ത രൂപത്തിൽ ഗ്രൂപ്പുകളാക്കി തിരിക്കും, ആദ്യ രണ്ടാഴ്ച്ച ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഗ്രൂപ്പുകൾ തമ്മിൽ ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും ക്ലാസ്സുകളിൽ പങ്കെടുക്കും, അധ്യാപകരുടെ നിർദേശപ്രകാരം ആയിരിക്കും ഓരോ ഗ്രൂപ്പിനും ഓഫ്‌ലൈൻ, ഓൺലൈൻ ക്ലാസ്സുകൾ തീരുമാനിക്കുക,
രണ്ടാഴ്ച സമയം ഇത് അവലോകനം നടത്തിയ ശേഷം ഇതേ മാതൃകയിൽ സെപ്റ്റംബർ 26 മുതൽ IX, X ക്ലാസുകൾ ആരംഭിക്കും. ക്രമേണ, ആദ്യ ടേം പരീക്ഷക്ക് ശേഷം ഏഴാമത്തെയും എട്ടാമത്തെയും ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ KG മുതൽ VI വരെയുള്ള ക്ലാസുകൾക്കായി ഓൺലൈൻ ക്ലാസുകൾ ആയി തന്നെ തുടരുമെന്നും സർക്കുലറിൽ വ്യക്തമാക്കി. സ്കൂൾ ഗതാഗത സർവ്വീസ് ഉപയോക്താക്കൾക്ക് മാത്രമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെയും വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിച്ച്, അൻപത് ശതമാനം ശേഷിയോടെ ആയിരിക്കും ഇത് നടക്കുക.