സഊദിയിൽ അധ്യാപകരുടെ ഫോട്ടോ എടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ച് മന്ത്രാലയം

0
1442

റിയാദ്: സഊദിയിൽ അധ്യാപകരുടെ അറിവില്ലാതെ ഫോട്ടോ എടുക്കുന്നതായി കണ്ടെത്തിയാൽ പരമാവധി ഒരു മാസത്തേക്ക് ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രാലയം. ഈ അച്ചടക്ക നടപടി നേരിടുന്ന വിദ്യാർത്ഥികളെ സ്വമേധയായുള്ള സാമൂഹിക പ്രവർത്തനങ്ങൾ നിർവഹിക്കാനും നിയോഗിച്ചേക്കാമെന്നും അവരുടെ രക്ഷാകർത്താവിന്റെ അംഗീകാരം നേടിയ ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും ഇതെന്നും അധികൃതർ അറിയിച്ചു.

നിയമലംഘനങ്ങൾ ആറ് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. നിയമലംഘനം കണ്ടെത്തി രേഖപ്പെടുത്താനും നിയമലംഘകർക്ക് പിഴ ചുമത്താനും സ്കൂൾ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും കൈക്കൊള്ളേണ്ട നിരവധി നടപടികളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ പെരുമാറ്റ വൈകല്യങ്ങളും ലംഘനങ്ങളും അവരുടെ തീവ്രതയ്ക്കും ആഘാതത്തിനും അനുസൃതമായി ആറ് ഡിഗ്രി ലംഘനങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്. ഒന്നാം ഡിഗ്രി ലംഘനങ്ങളിൽ രാവിലെ അസംബ്ലി സമയത്ത് അനുചിതമായ പെരുമാറ്റവും യൂണിഫോം ധരിക്കാത്തതും ഉൾപ്പെടുന്നു. രണ്ടാം ഡിഗ്രി ലംഘനങ്ങളിൽ സ്കൂളിൽ കുഴപ്പമുണ്ടാക്കുകയോ ക്ലാസുകൾ ഒഴിവാക്കുകയോ ചെയ്യുന്നതും മൂന്നാം ഡിഗ്രി ലംഘനങ്ങൾ അധാർമിക പെരുമാറ്റങ്ങൾ, നിർബന്ധിത പ്രാർത്ഥന നിർവഹിക്കുന്നതിലെ അശ്രദ്ധ, വഴക്കുകളിൽ പങ്കെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതും നാലാം ഡിഗ്രി ലംഘനങ്ങളിൽ ഒരു വിദ്യാർത്ഥിയെ മനപ്പൂർവ്വം പരിക്കേൽപ്പിക്കുക, സ്കൂളിനുള്ളിൽ പുകവലിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയും ഉൾപ്പെടുന്നു.

ആയുധങ്ങളും മൂർച്ചയുള്ള ഉപകരണങ്ങളും കൈവശം വയ്ക്കുക, സ്കൂൾ അധ്യാപകർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാരെ ഭീഷണിപ്പെടുത്തുക അല്ലെങ്കിൽ അവരുടെ അറിവില്ലാതെ ഫോട്ടോ എടുക്കുക എന്നിവ ഉൾപ്പെടുന്നതാണ് അഞ്ചാം ഡിഗ്രി ലംഘനങ്ങൾ.
ആറാം ഡിഗ്രി ലംഘനങ്ങളിൽ ഇസ്‌ലാമിന്റെ ആചാരങ്ങളെ പരിഹസിക്കുകയോ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ അധ്യാപകരും ഭരണാധികാരികളും ഉൾപ്പെടെയുള്ള സ്കൂൾ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നതും ഉൾപ്പെടും.

ഏതെങ്കിലും വിദ്യാർത്ഥി നടത്തിയ ലംഘനങ്ങൾ തെളിയിച്ചതിനുശേഷം, ആവശ്യമെങ്കിൽ, ബന്ധപ്പെട്ട സുരക്ഷാ അധികാരികളെ സ്കൂൾ ഭരണകൂടത്തിന് വിളിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.