റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രിയും സൗജന്യമായി പുതുക്കി തുടങ്ങി. നേരത്തെ ഇഖാമയും സൗജന്യമായി പുതുക്കി തുടങ്ങിയിരുന്നു. സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗജന്യമായി നീട്ടി നൽകാൻ ഭരണാധികാരി സൽമാൻ രാജാവാണ് ഉത്തരവിട്ടിരുന്നത്. സെപ്റ്റംബർ 30 വരെയാണ് ഇപ്പോൾ പലർക്കും പുതുക്കി കിട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കാലാവധി കഴിഞ്ഞവരുടേത് സെപ്റ്റംബർ 30 വരെ ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെയാണ് പുതുക്കുന്നത്. കൊറോണ വൈറസ് മൂലം പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലുള്ളവരുടെ റെസിഡൻസി, എക്സിറ്റ് റീ എൻട്രി, സന്ദർശക വിസകളാണ് നീട്ടുന്നതായി അറിയിച്ചിരുന്നത്. പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുക. അതേസമയം, ഇത് വരെ ചിലർക്ക് ഇഖാമ, റീ എൻട്രി ഇനിയും പുതുക്കി കിട്ടിയിട്ടില്ലെന്നും പലരും പങ്ക് വെച്ചിട്ടുണ്ട്. ഗവണ്മെന്റ് പ്രഖ്യാപിച്ച മാനദണ്ഡങളിൽ ഉൾപ്പെട്ടവർക്ക് ഓട്ടോമാറ്റിക് ആയി പുതുങ്ങി കിട്ടുമെന്നത് തീർച്ചയാണ്.
ഇഖാമാ റി എൻട്രി കാലാവധികൾ അവസാനിച്ച് നിൽക്കുന്ന നിരവധി പ്രവാസികൾക്ക് സൗജന്യമായി പുതുക്കി നൽകിയത് വലിയ ആശ്വാസമാകും.




