ദമാമിൽ നിന്ന് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്ര തിരിച്ചു, 18 മണിക്കൂറിനു ശേഷം

0
2395

ദമാം: കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം യാത്ര തിരിച്ചത് പതിനെട്ടു മണിക്കൂറിനു ശേഷം. ഞായറാഴ്ച രാവിലെ പത്തരക്ക് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലർച്ചെ നാല് മണിക്കാണ് പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലം യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം യാത്ര തുടങ്ങുന്നതിനു നിമിഷങ്ങൾക്ക് മുമ്പാണ് സർവ്വീസ് റദ്ദ് ചെയ്തിരുന്നത്. ഇതേ തുടർന്ന് മണിക്കൂറുകളോളം യാത്രക്കാർ ദമാം വിമാനത്താവളത്തിൽ കഴിഞ്ഞിരുന്നെങ്കിലും വൈകുന്നേരത്തോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. മലയാളംപ്രസ്സ് ഇക്കാര്യം ഉടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ പത്തരക്ക് ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനമാണ് സർവ്വീസ് റദ്ദ് ചെയ്തതോടെ യാത്രക്കാർ ദുരിതത്തിൽ ആയത്. പത്ത് മണിയോടെ വിമാനത്തിൽ യാത്രക്കാരെ കയറ്റി, മൂന്ന് മണിക്കൂർ വിമാനത്തിൽ ഇരുത്തിയ ശേഷം ഇവരെ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി യാത്രാ സമയം മാറ്റി പറഞ്ഞെങ്കിലും വൈകീട്ട് നാല് മണിയായിട്ടും യാത്ര തിരിക്കുവാനോ എപ്പോൾ പോകുമെന്ന കൃത്യമായ മറുപടി പറയാനോ എക്സ്പ്രസ്സ് അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

ഇതിനിടെ പാസ്പോർട്ട് എയർലൈൻ അധികൃതർ വാങ്ങിയെങ്കിലും വൈകുന്നേരത്തോടെ യാത്രക്കാരുടെ പാസ്പോർട്ടുകൾ തിരിച്ചു നൽകുകയും യാത്രക്കാർക്ക് ഹോട്ടലുകളിൽ സൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു. ഹോട്ടലിലേക് മാറാത്ത ചിലർ വിമാനത്താവളത്തിൽ തന്നെ കഴിച്ചു കൂട്ടുകയും ചെയ്തു.

നാട്ടിലേക്ക് പോകാനായി കിഴക്കൻ സഊദിയിലെ അതിവിദൂര ദിക്കുകളിൽ നിന്ന് എത്തിയവരാണ് ഏറ്റവും ദുരിതത്തിലായത്. മണിക്കൂറുകൾ നീളുന്ന യാത്രക്ക് ശേഷം ഇന്നലെ രാവിലെ ആറു മണിക്ക് മുമ്പായി വിമാനത്താവളത്തിൽ എത്തിയവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന നിർദേശം ഉണ്ടായതിനാലാണ് നേരത്തെ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, മണിക്കൂറുകൾക്ക് ശേഷമാണെങ്കിലും വാർത്ത പുറത്ത് വന്നതിനു പിന്നാലെ ഇവർക്ക് വേണ്ട ഭക്ഷണം നൽകുന്നതിലും താമസം നൽകുന്നതിലും വിമാന കമ്പനി സൗകര്യങ്ങൾ ഒരുക്കിയത് യാത്രക്കാർക്ക് അല്പമെങ്കിലും ആശ്വാമായി. ഇന്ന് രാവിലെയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി.

ദമാം-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ്സ് യാത്ര അനന്തമായി നീളുന്നു, ദമാം വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ