സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണം: കെ.ടി. ജലീൽ

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അജ്ഞാതൻ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ചതിനെതിരെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി. ജലീൽ. സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഞാൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിന്റെ ഖാദി കൂടിയാണ് ആദരണീയനായ തങ്ങൾ. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.

സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം’ -അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകീട്ടോടെയാണ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിക്കുകയും ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.