യു എ ഇ യിലേക്ക് ടൂറിസം വിസയിൽ വരാം, രണ്ട് ഡോസ് വാക്സിൻ എടുത്ത എല്ലാവർക്കും, ആശ്വാസമായി പുതിയ പ്രഖ്യാപനം

0
4250

അബുദാബി: രണ്ട് ഡോസ് വാക്സിൻ എടുത്ത എല്ലാവർക്കും ടൂറിസം വിസയിൽ പ്രവേശനം പ്രഖ്യാപിച്ച് യു എ ഇ. ഈ മാസം മുപ്പതു മുതൽ ഇത്തരത്തിൽ രാജ്യത്തേക്ക് പ്രവേശനം നൽകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്(ഐ.സി.എ), നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ) എന്നിവ സംയുക്തമായാണ് അറിയിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടന അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ രണ്ടു ഡോസ് എടുത്തവരായിരിക്കണമെന്നതാണ് നിബന്ധന.

യുഎഇ യിലേക്ക് നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പൗരൻമാർക്കും നേരിട്ട് വരാം. വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഐ.സി.എ പ്ലാറ്റ്‌ഫോമിലോ, അൽ ഹുസ്ൻ ആപ്പിലോ രജിസ്റ്റർ ചെയ്തായിരിക്കണം പ്രവേശിക്കേണ്ടത്. ഇതോടെ, യു എ ഇയിലെ റെസിഡൻസിനു ആപ് വഴി ലഭിക്കുന്ന സേവനങ്ങൾ ഇവർക്കും ലഭ്യമാകും. ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർ എത്തുമ്പോൾ വിമാനത്താവളത്തിൽ നിർബന്ധിത ദ്രുത പിസിആർ പരിശോധന നടത്തണം. നിരോധനം ഉള്ള രാജ്യങ്ങളിൽ നിന്നുള്ള മറ്റു വിഭാഗങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്നും അറിയിപ്പിലുണ്ട്.

മോഡേർണ, ഫൈസർ ബയോൺ ടെക്, ജോൺസൻ & ജോൺസൻ, ഓക്സ്ഫോഡ്/അസ്ട്രാസിനെക്ക, കൊവിഷിൽഡ് (ഓക്സ്ഫോഡ്/അസ്ട്രാസിനെക്ക ഫോർമുലേഷൻ), സിനോഫം, സിനോവാക്സിന്റെ കോറോണവാക്സ് എന്നിവയാണ് നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏറെ ആശ്വാസമായേക്കാവുന്നതാണ് പുതിയ പ്രഖ്യാപനം.