കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് രണ്ടാഴ്ചകൂടി നീളുമെന്ന് റിപ്പോര്‍ട്ട്. കുവൈത് ദിനപ്പത്രമായ അല്‍ റായ് ആണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ നിലവില്‍ ഒരു ദിവസം എത്തിച്ചേരാവുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന അപേക്ഷയില്‍ തീരുമാനം വൈകുന്നതാണ് കാരണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 മാത്രമാണ്. വിമാനത്താവളത്തിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമോ പതിനയ്യായിരമോ ആക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
നിലവില്‍ ഒരു ദിവസമുള്ള 7500 എന്ന ശേഷി ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കു തന്നെ ഈ എണ്ണം മതിയാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതോടൊപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി അനുവദിച്ചു കൊണ്ട് വിമാനത്തിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. ഇങ്ങനെ കുറഞ്ഞ യാത്രക്കാരുമായി വിമാനങ്ങള്‍ സര്‍വീസ് നടക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ പ്രതിദിന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് അല്‍ റായ് പത്രം സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് തടസ്സമായി നില്‍ക്കുന്ന പ്രതിദിന യാത്രക്കാരുടെ പരിധി കൂട്ടുക മാത്രമാണ് മുമ്പിലുള്ള പോംവഴി. ഇതിന് മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്തുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.