ദമാം: സഊദി അറേബ്യയിലെ സ്ത്രീകൾ പൊതു ടാക്സികളിൽ വളയം പിടിച്ച ശേഷം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്‌സ ഗവർണറേറ്റ് സഊദിയിൽ ആദ്യമായി സഊദി സ്ത്രീകൾ ടാക്സി ഓടിക്കുന്നതിനു സാക്ഷ്യം വഹിച്ചതായി അൽ-ഇഖ്ബരിയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. ടാക്സി ഡ്രൈവർമാരിലൊരാളായ മുനീറ അൽ-മർറ ആണ് ഈ തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞത്. യുവതിയുടെ ഡ്രൈവിംഗ് അഭിനിവേശവും ഇഷ്ടവും കൊണ്ടാണ് ഈ മേഖലയിലേക്ക് തിരിഞ്ഞതെന്ന് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായുള്ള വനിത ടാക്സി കമ്പനിയിൽ 500 ടാക്സികൾ ആണുള്ളത്.
പിക്കപ്പും ഹെവി വാഹനങ്ങളും ഉൾപ്പെടെ വാഹനങ്ങൾ ഓടിക്കുന്നതിൽ എനിക്ക് 30 വർഷത്തെ പരിചയമുണ്ട്. എനിക്ക് ഏത് തരത്തിലുള്ള വാഹനവും ഓടിക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ എഞ്ചിൻ തകരാറിലായാലും സ്പോട്ട് റിപ്പയർ ചെയ്യാനും കഴിയുമെന്നും യുവതി അഭിമുഖത്തിൽ പറഞ്ഞു. ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും പ്രത്യേകിച്ച് റിയാദിലേക്കും ദമാമിലേക്കും ഇവർ ട്രിപ്പുകൾ നടത്തുന്നുണ്ട്. അൽ-അഹ്‌സ പ്രദേശം യു എ ഇ, ഖത്തർ, ബഹ്‌റൈൻ എന്നിവയ്ക്ക് സമീപമുള്ളതിനാൽ മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരും വനിത ഡ്രൈവർമാരുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നുണ്ട്.
സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം പിൻവലിക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം 2018 ജൂൺ 24 നാണ് ഒരു സുപ്രധാന പരിഷ്കരണത്തിന് സഊദി അറേബ്യ സാക്ഷ്യം വഹിച്ചത്. ഇത് രാജ്യത്തിന്റെ വിഷൻ 2030 പ്രകാരം നേടിയ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്.




