ദമാം: സഊദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ വൻ ഗതാഗത സ്തംഭനം. ഇന്ന് വൈകുന്നേരതോടെയാണ് സാങ്കേതിക തകരാർ മൂലം ഗതാഗതം മുടങ്ങിയത്. ഇതോടെ കോസ്‌വേയിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ പ്രവേശന കവാടം കടക്കാനാകാതെ കുടുങ്ങി. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണിക്കൂറുകളോളം തുടർന്ന കോസ്‌വേ ട്രാഫികിന്റെ തത്സമയ ദൃശ്യങ്ങൾ കോസ്‍വേ അധികൃതർ പറത്ത് വിട്ടിരുന്നു.
പാസ്പോർട്ട് വിഭാഗത്തിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്ന് സഊദി പ്രാദേശിക മാധ്യമങ്ങൾ വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. സഊദിയിലെ കിഴക്കൻ പ്രവിശ്യയിലെ നിരവധി പേർ പ്രതിദിനം ബിസിനസ് ആവശ്യാർഥവും ജോലി ആവശ്യാർഥവും പ്രവേശിക്കുന്ന കടൽപ്പാലമാണിത്. വൈകുന്നരം നാലരയോടെ തുടങ്ങിയ സ്തംഭനം അഞ്ച് മണിക്ക് ശേഷമാണ് സാധാരണ ഗതിയിലേക്ക് നീങ്ങിയത്.