ജിദ്ദ: ജിദ്ദയിലെ പ്രവാസി സംരംഭകരുടെ കൂട്ടായ്മയിൽ ഷറഫിയ്യയിലെ ഹെൽപ് ലൈൻ ഓൺലൈൻ സർവീസസ് ഒരുക്കിയ ‘പ്രവാസി വെൽഫെയർ സ്കീം’ പദ്ധതി ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി പുതിയ പ്രതീക്ഷകളോടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ശറഫുദ്ധീൻ അബൂബക്കർ പറഞ്ഞു. പദ്ധതിയെപ്പറ്റി വിശദീകരിക്കാൻ വേണ്ടി ഷറഫിയ്യ ഗ്രീൻ ലാൻഡ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദയിലെ മലയാളികളുടെ സംഗമ ഭൂമിയായ ഷറഫിയ്യയിലെ പ്രവാസി സംരംഭകർ ദിവസേന നൂറ്റിമൂന്ന് റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരുന്നത്. ദിവസേന നൂറ് റിയാൽ വീതം സ്വന്തത്തിനും മൂന്ന് റിയാൽ വീതം സർവീസ് ഫീസ് ആയുമാണ് കലക്ട് ചെയ്തിരുന്നത്. സർവിസ് ഫീസിൽ നിന്ന് ഒരു വിഹിതം തൊഴിൽ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾക്ക് വേണ്ടിയാണ് നീക്കി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരം ദിനേന നൂറ് റിയാൽ വീതം അടച്ച അമ്പത് പേരിൽ നിന്നും ആഴ്ചയിൽ നറുക്കെടുപ്പിലൂടെ ഒരാൾക്ക് വീതം ഇരുപത്തയ്യായിരം റിയാൽ നൽകുന്ന രീതിയിൽ ഇരുന്നൂറ്റമ്പത് ദിവസങ്ങൾ നീണ്ടു നിന്നതായിരുന്നു ഒന്നാം ഘട്ട പദ്ധതി. ഒന്നാം ഘട്ട പദ്ധതിയിൽ അംഗങ്ങളായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംബർ സമ്മാനമായി മാരുതി വാഗണർ കാറും സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ട കാലയളവിൽ നാട്ടിലേക്ക് മടക്ക യാത്രക്ക് ടിക്കറ്റെടുക്കാൻ പ്രയാസപ്പെട്ട പത്തോളം പേർക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കിയതായും തൊഴിൽ തർക്കങ്ങളിൽ പെട്ട നിരവധി പേർക്ക് നിയമ സഹായവും തൊഴിൽ കോടതികളിൽ പരിഭാഷ സൗകര്യവും ഓൺലൈൻ കേസുകളിൽ ആവശ്യമായ സാങ്കേതിക സഹായവും ലഭ്യമാക്കിയതായും ശറഫുദ്ധീൻ അബൂബക്കർ പറഞ്ഞു.
‘പ്രവാസി വെൽഫെയർ സ്കീം’ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഓഗസ്റ്റ് 29 ഞായറാഴ്ച രാത്രി 9 മണിക്ക് പ്രമുഖരുടെ സാന്നിധ്യത്തിൽ ഷറഫിയ്യ ഗ്രീൻ ലാൻഡ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്നും പ്രസ്തുത പരിപാടിയിൽ വെച്ച് ഒന്നാം ഘട്ട പദ്ധതിയിൽ മികവ് പുലർത്തിയ മലപ്പുറം വള്ളുവമ്പ്രം സ്വദേശി കുഴിക്കാട്ടിൽ അബ്ദുൽ ഹഖിനെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഒന്നാം ഘട്ടത്തിലെ ബമ്പർ സമ്മാനമായ മാരുതി വാഗണർ കാറിന്റെ നറുക്കെടുപ്പും താക്കോൽ കൈമാറ്റവും നടക്കും. ജിദ്ദയിലെ ശ്രദ്ധേയരായ ഗായകരുടെ നേതൃത്വത്തിൽ സംഗീത നിശയും ഉണ്ടായിരിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അംഗങ്ങൾ നൂറ്റിപ്പത്ത് റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണെന്നും മുന്നൂറ് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പദ്ധതിയിൽ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിൽ അംഗങ്ങളായവർക്ക് മുപ്പത്തിനായിരം റിയാൽ വീതം ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന് പുറമെ ബംബർ സമ്മാനമായി ഒരാൾക്ക് മാരുതി ബ്രസ്സ കാറും ലഭിക്കും. ഇതോടൊപ്പം പദ്ധതിയിൽ അംഗങ്ങളായവർക്ക് ഖുർആൻ ചരിത്ര ഭൂമികളിലൂടെയുള്ള സഞ്ചാരത്തിൽ സൗജന്യമായി പങ്ക് ചേരാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ഹെൽപ് ലൈൻ മാനേജിങ് ഡയറക്ടർ നാസിർ ഹസൻ അൽ അബ്ദലി, ഹെൽപ് ലൈൻ ജിദ്ദ ഓഫീസ് മാനേജർ ഫവാസ് പാണ്ടിക്കാട് എന്നിവരും പങ്കെടുത്തു.