റിയാദ്: സഊദിയിലേക്ക് വരുന്നവർക്കുള്ള പ്രവേശന രജിസ്ട്രേഷൻ സംവിധാനം (അറൈവൽ രജിസ്ട്രേഷൻ) ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആയ അബ്ഷിറിലും സജ്ജീകരിച്ചു. സഊദിയിലേക്ക് വരുന്ന സന്ദർശകർക്കും താമസക്കാർക്കും ഇനി അബ്‌ഷീർ വഴിയും പ്രവേശന രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ കഴിയുമെന്ന് അബ്ഷിർ അറിയിച്ചു. ഇത് വരെ സഊദി പാസ്പോർട്ട് വിഭാഗത്തിന് കീഴിൽ മുഖീമിൽ മാത്രമായിരുന്നു ഈ സംവിധാനം ഉണ്ടായിരുന്നത്. സഊദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട അവരുടെ ആരോഗ്യ ഡാറ്റ രജിസ്റ്റർ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഈ സേവനം പ്രാപ്തമാക്കുന്നുവെന്ന് അബ്ഷിർ വിശദീകരിച്ചു. അതിർത്തി കടന്നുള്ള പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്.
കുത്തിവെപ്പ് എടുത്ത സന്ദർശകർ, കുത്തിവെപ്പ് എടുക്കാത്ത സന്ദർശകർ, കുത്തിവെപ്പ് എടുത്ത സഊദി ഇഖാമ ഉള്ളവർ, കുത്തിവെപ്പ് എടുക്കാത്ത ഇഖാമയുള്ളവർ, സഊദി പൗരൻമാരോടൊപ്പം വരുന്ന വീട്ടു ജോലിക്കാർ, ചികിത്സക്ക് വരുന്നവർ എന്നിങ്ങനെ രാജ്യത്തേക്ക് വരുന്ന ഓരോരുത്തർക്കും അനുയോജ്യമായവ തിരഞ്ഞെടുത്ത് അതിൽ കയറിയാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
അബ്‌ഷിർ പ്ലാറ്റ്‌ഫോമിന്റെ പ്രധാന പേജിൽ www.abshir.sa എന്ന ലിങ്കിൽ കയറിയാൽ സഊദിയിലേക്ക് വരുന്ന ആർക്കും നേരിട്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാം. ലോഗിൻ ആവശ്യമില്ലാതെ തന്നെ ഖുദൂം പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചുകൊണ്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും. ഇങ്ങനെ പ്രവേശിക്കുമ്പോഴും നേരിട്ട് മുഖീമിലേക്ക് തന്നെയാണ് പ്രവേശിക്കുന്നത്.
