റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാത്ത സന്ദർശക, ടൂറിസം വിസകളും പുതുക്കി തുടങ്ങി. നേരത്തെ വിസ ലഭ്യമായ ശേഷം യാത്രാ നിരോധനം വന്നതിനെ തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാത്തവരുടെ വിസകളാണ് പുതുക്കി നൽകുന്നത്. സെപ്റ്റംബർ 30 വരെ ഇത്തരത്തിൽ വിസകൾ പുതുക്കി കിട്ടിയതായി ചിലർ മലയാളംപ്രസുമായി പങ്ക് വെച്ചു. ഫെബ്രുവരി 06, മാർച്ച് 03 തിയ്യതികളിൽ കാലാവധി തീർന്ന കുടുംബ സന്ദർശക വിസയും ഫെബ്രുവരി 13 ന് കാലാവധി അവസാനിച്ച ഉപയോഗിക്കാത്ത ടൂറിസം വിസയുമാണ് ഇത്തരത്തിൽ സെപ്റ്റംബർ 30 വരെ പുതുക്കി നൽകിയിരിക്കുന്നത്.
വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലെ ഇൻജാസിത്തിന്റെ https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്ക് വഴിയാണ് വിസ പുതുക്കി ലഭ്യമായത്. സൈറ്റിൽ നിന്ന് സെപ്റ്റംബർ 30 വരെ കാലവധിയുള്ള പുതിയ വിസയുടെ പ്രിന്റ്റും ലഭ്യമാകും. ലിങ്കിൽ കയറി വിസ, പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകിയാൽ അർഹതപ്പെട്ടവർ ആണെങ്കിൽ അടുത്ത പേജിൽ പുതിയ വിസ ലഭ്യമാകും. ഇവക്ക് 90 ദിവസത്തെ കാലാവധിയാണ് നൽകിയിട്ടുള്ളത്. ഇത് പാസ്പോർട്ടിന്റെ കൂടെ ചേർത്ത് വെച്ച് ഇവർക്ക് സഊദിയിൽ നിലവിലെ നിബന്ധനകളോടെ പ്രവേശനം സാധ്യമാകും. സഊദി ഡിജിറ്റൽ എംബസിയിൽ നിന്നാണ് ഇഷ്യു ചെയ്തതെന്ന് ഓൺലൈൻ വിസ പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
-
പുതുക്കി കിട്ടിയ സന്ദർശക വിസ
സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ കാരുണ്യത്തിൽ നേരത്തെ ഇഖാമായും റീ എൻട്രിയും പുതുക്കി നൽകിയിരുന്നു. പെരുന്നാൾ ദിനത്തിൽ സഊദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പ്രകാരമുള്ള തിയ്യതിയായ ഓഗസ്റ്റ് 31 വരെയാണ് ഇപ്പോൾ പലർക്കും ഇഖാമ, റീ എൻട്രി എന്നിവ പുതുക്കി കിട്ടിയത്.
-
പുതുക്കി കിട്ടിയ ടൂറിസം വിസ
എന്നാൽ, സെപ്റ്റംബർ 30 വരെ ഇവ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ചുവെന്നാണ് ഏതാനും ദിവസം മുമ്പ് സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചിരുന്നു. എന്നാൽ, സെപ്റ്റംബർ 30 വരെ ഇത് വരെ ആരുടേയും ഇഖാമയും റീ എൻട്രിയും പുതുങ്ങിയതായി അറിവില്ല. ചിലപ്പോൾ നിലവിൽ പുതുങ്ങിയ ഓഗസ്റ്റ് 31 എന്ന കാലാവധി കഴിയുന്നതോടെ വീണ്ടും ഒരു മാസക്കാലത്തേക്ക് അഥവാ അവസാനം പ്രഖ്യാപിച്ച സെപ്റ്റംബർ 30 വരെ നീട്ടികിട്ടാനാണ് സാധ്യത.





