റിയാദ്: സഊദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്ന് റിപ്പോർട്ട്. ലബനാനിലെ സഊദി അംബാസഡര്‍ വലീദ് ബുഖാരിയെ ഉദ്ധരിച്ചാണ് വാർത്ത പുറത്ത് വന്നിട്ടുള്ളത്. സഊദിയില്‍ ഇഖാമയുള്ള രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും നേരിട്ട് മടങ്ങിവരാമെന്നാണ് തീരുമാനം.
എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് അനുമതിയില്ലെന്ന് അദ്ദേഹം പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇക്കാര്യത്തിൽ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. സഊദിയിലെ ഇന്ത്യൻ എംബസിയോ ഇന്ത്യയിലെ സഊദി എംബസിയോ സഊദിയിലെ മറ്റു ഔദ്യോഗിക കേന്ദ്രങ്ങളോ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇതുസംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഉടൻ നടപ്പാക്കിയേക്കാം എന്നുമറിയിച്ചുകൊണ്ടുള്ള സർക്കുലർ സൗദി വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും രാജ്യത്തെ വിദേശ നയതന്ത്ര കാര്യാലയങ്ങളിൽ ലഭിച്ചതായാണ് വിവരം. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ സഊദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുന്ന സഊദിയിൽ താമസരേഖയുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. എന്നാൽ തീരുമാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇപ്രകാരം സൗദിയിലേക്ക് നേരിട്ട് എത്തുന്നവർക്ക് ക്വാറന്‍റീൻ, പി.സി.ആർ പരിശോധന ഫലം തുടങ്ങിയ ചില നിബന്ധനകളും ഏർപ്പെടുത്തിയേക്കാം.