റിയാദ്: വേഗപരിധി ലംഘിച്ച് വാഹനം ഓടിക്കുന്നത് അറസ്റ്റിനും ക്രിമിനൽ നടപടിക്രമങ്ങൾക്കും ഇടയാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളിലും കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വാഹനമോടിക്കുന്നത് ഗൗരവതരമായ കുറ്റമായാണ് കണക്കാക്കുന്നത്.
മണിക്കൂറിൽ 140 കി.മീറ്റർ നിഷ്‌കർഷിച്ച റോഡിൽ 30 കി.മീ. അധികം വേഗത്തിലും മണിക്കൂറിൽ 120 കിലോ മീറ്ററോ അതിൽ താഴെയോ വേഗപരിധി നിശ്ചയിച്ച റോഡുകളിൽ 50 കി.മീറ്ററിൽ അധികം വേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശനമായ നടപടി സ്വീകരിക്കുക. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു. ഇത് വാഹനമോടിക്കുന്നയാളോട് അവരുടെ പെരുമാറ്റങ്ങളോടും അമിതവേഗവുമായി ബന്ധപ്പെട്ട നടപടികളോടും ഉത്തരവാദിത്തം ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
അമിത വേഗം കാരണം ആർക്കെങ്കിലും മരണമോ, അവയവങ്ങൾ നഷ്ടപ്പെടുകയോ പൂർണമായോ ഭാഗികമായോ വരുമാനം നിലക്കുകയോ അല്ലെങ്കിൽ 21 ദിവസം ചികിത്സിച്ചിട്ടും ഭേദമാകാത്ത രീതിയിൽ പരിക്ക് പറ്റുകയോ ചെയ്താൽ കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. കഴിഞ്ഞ ഹിജ്‌റ വർഷം ആദ്യ ദിവസം സൗദി അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ ട്വിറ്റർ പേജിൽ വ്യക്തമാക്കി.
2018 ഫെബ്രുവരി 19 മുതൽ പബ്ലിക് സെക്യൂരിറ്റി ഏജൻസി രാജ്യത്തുടനീളമുള്ള എട്ട് ഹൈവേകളിൽ സ്പീഡ് ലിമിറ്റ് 140 കിലോമീറ്റർ ആയി ഉയർത്തിയിരുന്നു. ഇത്തരം ഹൈവേകളിൽ ട്രാഫിക് റെഗുലേഷൻ അനുസരിച്ച് ലൈറ്റ്-മോട്ടോർ വാഹനങ്ങൾക്ക് പരമാവധി 140 കിമീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കാനാകും. ബസുകൾ 100 കിലോമീറ്റർ വേഗതയിലും ട്രക്കുകൾ 80 കിലോമീറ്റർ വേഗതയിലുമാണ് ഓടിക്കാനാകുക.
ഹൈവേകളിൽ, പ്രത്യേകിച്ച് മോശം കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്നും ഏജൻസി ആവശ്യപ്പെട്ടു.