റിയാദ്: സ്കൂൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ അധ്യാപകരെ തിരികെ കൊണ്ടുവരാൻ സൗകര്യമൊരുക്കണമെന്ന് സ്വകാര്യ സ്കൂൾ ഉടമകൾ. പ്രവാസികൾക്ക് സഊദിയിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ അധ്യാപകരുടെയും സൂപ്പർവൈസർമാരുടെയും കുറവിനെക്കുറിച്ച് സ്വകാര്യ, വിദേശ സ്കൂളുകളുടെ ചില ഉടമകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പഠനം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ മടക്കം സുഗമമാക്കാൻ അവർ അഭ്യർത്ഥിച്ചു.
പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ സ്കൂൾ ഉടമകൾ ബന്ധപ്പെട്ട അധികാരികളോട് സ്വകാര്യ സ്കൂൾ അധികൃതർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിദേശ അധ്യാപകർ പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ അവരുടെ അഭാവം സ്പെഷ്യലൈസേഷനുകളും പാഠ്യപദ്ധതികളും പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ബാധിക്കുമെന്നും ഇവർ പരാതിപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സഊദി അധ്യാപകർ അവരുടെ സ്പെഷ്യലൈസേഷൻ വഹിക്കുന്ന വിഷയങ്ങൾ മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്ന് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ്ചൂണ്ടിക്കാട്ടി. ഈ സാഹചര്യം വിദ്യാഭ്യാസ പ്രക്രിയയ്ക്ക്, പ്രത്യേകിച്ച് സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ സഹായിക്കില്ലെന്നും അധികൃതർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
നേരെത്തെ, സ്കൂൾ അധ്യാപകർക്ക് നേരിട്ട് വരാൻ അനുവാദം നൽകിയെന്ന വാർത്തകൾ വന്നിരുന്നെങ്കിലും അതിനുള്ള നടപടികൾ അതി കർശനമായതിനാൽ പലർക്കും വരാൻ സാധിച്ചിരുന്നില്ല. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശങ്ങളോ മറ്റോ ഇത് വരെ പിന്നീട് ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളും ഇപ്പോൾ നാട്ടിലാണ്. സ്കൂൾ തുറക്കുന്നതോടെ ഇവർക്ക് വരാനുള്ള എന്തെങ്കിലും തരത്തിലുള്ള അനുമതി നൽകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മലയാളി കുടുംബങ്ങൾ അടക്കമുള്ള പ്രവാസികൾ.