അബൂദബി: മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യു.എ.ഇ യുടെ ഗോൾഡൻ വിസ സ്വീകരിച്ചു. അബൂദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വ്യവസായി എം എ യൂസുഫലിക്കൊപ്പമെത്തിയാണ് ഇരുവരും പത്തുവർഷ ഗോൾഡൻ വിസ സ്വീകരിച്ചത്. വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മദി ഇരുവർക്കും വിസ കൈമാറി. അബൂദബദി സാമ്പത്തിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരീം അൽ ബലൂഷി, അബൂദബി റെസിഡൻസ് ഓഫീസ് അഡ്വൈസർ ഹാരിബ് മുബാറക് അൽ മഹീരി എന്നിവരും പങ്കെടുത്തു.
കൂടുതൽ പ്രതിഭകളെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഗോൾഡൻ വിസ നൽകിവരുന്നതെന്ന് ഷൊറഫ അൽ ഹമ്മദി, വ്യക്തമാക്കി. വിസ അനുവദിച്ച യു.എ.ഇ സർക്കാറിന് നന്ദി അറിയിക്കുന്നതായി ഇരുവരും പ്രതികരിച്ചു. ഈ അർഹതക്ക് പിന്നിൽ മലയാളികളാണെന്നും അവരുടെ സമ്മാനമാനിതെന്നും ഇരുവരും കൂട്ടിച്ചേർത്തു. തങ്ങളെ പ്രോൽസാഹിപ്പിച്ച് വളർത്തിയ മലയാളികൾ തന്ന സമ്മാനമാണിതെന്ന് മമ്മൂട്ടിയും വലിയ അംഗീകാരവും അഭിമാന നിമിഷവുമാണിതെന്ന് മോഹൻലാലും പ്രതികരിച്ചു. ഗോൾഡൻ വിസക്കായി സഹായിച്ച യൂസുഫലിക്ക് ഇരുവരും നന്ദി അറിയിച്ചു.
വീഡിയോ👇