വിശുദ്ധ കഅ്ബ കഴുകി

0
1407

മക്ക: ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബ കഴുകി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച കഴുകല്‍ ചടങ്ങ് നടന്നത്. വിശുദ്ധ ഹറമിലെത്തിയ മക്ക ഗവര്‍ണറെ ഇരു ഹറംകാര്യ പ്രസിഡന്‍സി മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും മറ്റു ഹറം കാര്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ വൈറസ് വ്യാപനം തടയുന്നതിനുള്ള മുഴുവൻ കാര്യങ്ങളും സ്വീകരിച്ചാണ് വളരെ ലളിതമായ രീതിയിൽ ചടങ്ങ് നടന്നത്. മക്ക ഡെപ്യൂട്ടി അമീർ, പ്രിൻസ് ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും സന്നിഹിതനായിരുന്നു.

പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഗവര്‍ണറും ഉന്നതരും ത്വവാഫ്‌ ചെയ്ത് രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കാരവും നിര്‍വഹിച്ചു. വർഷം തോറും സാധാരണ മുഹറം പതിനഞ്ചിനാണ്‌ സാധാരണയായി കഴുകൽ ചടങ്ങു നടക്കാറുള്ളത്. മുഹറത്തിനു പുറമേ ശഅബാന്‍ ഒന്നിനും ചടങ്ങ് നടക്കാറുണ്ട്.