സഊദി പ്രവാസികളുടെ അശ്രദ്ധ മൂലമുള്ള ഇടപെടലുകൾ മൂലം അഴിക്കുള്ളിൽ ആയേക്കാമെന്ന മുന്നറിയിപ്പ് നൽകുകയാണ് സാമൂഹ്യ പ്രവർത്തകൻ. കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ പ്രമുഖ സന്നദ്ധ പ്രവർത്തകൻ സൈഫുദ്ധീൻ പൊറ്റശെരിയാണ് ഓരോ പ്രവാസിയും അറിയേണ്ട വളരെ പ്രധാനപ്പെട്ട കാര്യം ഉണർത്തുന്നത്. ചെറിയ അശ്രദ്ധ മൂലം നിയമക്കുരുക്കിൽ പെട്ടു പോവുന്ന ഒരു പ്രധാന കാര്യത്തെക്കുറിച്ച അവബോധം ഉണ്ടാക്കുക എന്നതാണീ കുറിപ്പിന്നാധാരമെന്ന് സൈഫുദ്ധീൻ പൊറ്റശേരി പറഞ്ഞു.
കുറിപ്പ് വായിക്കാം 👇
പണമിടപാടുമായി ബന്ധപ്പെട്ട ഒരു പാട് കേസുകൾ അവിചാരിതമായി നേരിടേണ്ടുന്ന ദുരവസ്ഥ ഈയിടെയായി വർദ്ധിച്ചു വരികയാണ്. ചില കേസുകളിൽ ഇടപെടാൻ കഴിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രയാസങ്ങളൊഴിവാക്കാനും നിയമാനുസൃതമായി മാത്രമേ നീങ്ങാവൂ എന്ന് ഉണർത്തുന്നതിനും വേണ്ടിയുള്ള മുൻകരുതലെടുക്കാൻ ഉള്ള ജാഗ്രത പാലിക്കാനാണ് എന്റെ ഈ ശ്രമം. STC പോലുള്ള നിഷ്പ്രയാസം ചെയ്യാവുന്ന ചില ഇലക്ട്രോണിക്ക് സംവിധാനങ്ങളും അല്ലാതെയും സംഭവിക്കുന്ന നിയമനുസൃതമല്ലാത്ത വരുമാനത്തിന്റെ പരിധിയിൽ കവിഞ്ഞ പണമിടപാടുകളാണ് പലരും അറിയാതെ കെണിയിലാവുന്നത്. വ്യത്യസ്തങ്ങളായ ചാരിറ്റിയുമായി ബന്ധപ്പെട്ട് പലപ്പോഴായി പലരിൽ നിന്നും, കൂടാതെ ചിലരൊക്കെ ഒത്തുകൂടി ചെയ്യാറുള്ള ചിട്ടികളുടെ തുകയും എക്കൗണ്ടുകൾ വഴി കൈകാര്യം ചെയ്യൽ നിയമ വിരുദ്ധമാണ്.
എല്ലാ ചാരിറ്റി പ്രവർത്തനങ്ങളും നിയമ വിരുദ്ധമാണല്ലോ ഈ രാജ്യത്ത്. ഇങ്ങനെ അറിയാതെ വരുമാന പരിധിയിൽ കവിഞ്ഞ പണമിടപാടുകൾ പ്രത്യേകം നിരീക്ഷിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്. ഇങ്ങനെ വലിയ തോതിൽ പണമിടപാട് നടത്തി പിടിയിലായി വർഷങ്ങളോളം ജയിലിൽ കിടന്ന് ശിക്ഷയനുഭവിച്ച് വൻതുക പിഴയും അടച്ച് നിസ്സഹായതോടെ നാട്ടിലേക്ക് കയറ്റി വിട്ട സംഭവം അനുഭവത്തിലുണ്ട്. പരിധിയിൽ കവിഞ്ഞും നിയമ വിരുദ്ധമായ പണമിടപാട് ശ്രദ്ധയിൽ പെട്ടാൽ അതാത് പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ വിളിച്ച് വരുത്തി ചോദ്യം ചെയ്യലിന്ന് ശേഷം കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയാണ് പതിവ്. ഇതിൽ സ്പോൺസറുടെയോ ജോലി ചെയ്യുന്ന കമ്പനിയുടെയോ ജാമ്യത്തിൽ താൽക്കാലികമായെങ്കിലും പുറത്തിറങ്ങാമെങ്കിലും അതോടെ നാട്ടിൽ പോവാൻ കഴിയാതെ സിസ്റ്റത്തിൽ ബ്ലോക്ക് വരുന്ന അവസ്ഥയാണുണ്ടാവുക. ആയതിനാൽ എല്ലാവരും നടത്തുന്ന പണമിടപാടുകൾ രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമല്ലാതിരിക്കാനും നിയമനുസൃതമായിരിക്കാനും പരിധിയിൽ കവിയാതിരിക്കാനും പ്രത്യേകം ജാഗ്രത പാലിച്ചാൽ നിയമക്കുരുക്കിൽ പെടാതിരിക്കാം. പ്രത്യേകം ശ്രദ്ധിക്കുക.
സൈഫുദ്ദീൻ പൊറ്റശ്ശേരി
ജുബൈൽ




