‘മെയ്ഡ് ഇൻ സഊദി’ വൻ വിജയം, ഇതിനകം 2,000 ലേറെ ഉൽപന്നങ്ങൾ

0
2120

റിയാദ്: സഊദി വിഷൻ 2030 ന്റെ ഭാഗമായുള്ള ‘മെയ്ഡ് ഇൻ സഊദി’ പദ്ധതി വൻ വിജയം. പ്രഖ്യാപനം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ടായിരത്തിലധികം ഉൽപ്പന്നങ്ങളാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ‘മെയ്ഡ് ഇൻ സഊദി’ പ്രോഗ്രാമിൽ കെമിക്കൽസ്, പോളിമറുകൾ, നിർമാണ വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, പേക്കിംഗ് എന്നിവ അടക്കം 16 വ്യത്യസ്ത മേഖലകൾക്ക് പ്രോഗ്രാം മുൻഗണന നൽകുന്നുണ്ട്. ഇതിനകം 900 ലേറെ കമ്പനികൾ 2,000 ത്തിലേറെ ഉൽപന്നങ്ങൾ രജിസ്റ്റർ ചെയ്തതായി സഊദി കയറ്റുമതി വികസന അതോറിറ്റി വെളിപ്പെടുത്തി.

ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണ് മാർച്ച് 28 ന് ‘മെയ്ഡ് ഇൻ സഊദി’ പ്രോഗ്രാം പ്രഖ്യാപിച്ചത്. സഊദിയുടെ സ്വപ്ന ലക്ഷ്യമായ വിഷൻ 2030 യുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായും പെട്രോളിതര കയറ്റുമതി ആകെ കയറ്റുമതിയുടെ 50 ശതമാനമായും വർധിപ്പിക്കാൻ വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിൽ ‘മെയ്ഡ് ഇൻ സഊദി’ പ്രോഗ്രാം സുപ്രധാന പങ്ക് വഹിക്കും.

അംഗീകൃത ഗുണമേന്മ ഉറപ്പുവരുത്തുന്ന മാനദണ്ഡങ്ങൾ പൂർണമായ തങ്ങളുടെ ഉൽപന്നങ്ങളിൽ ‘മെയ്ഡ് ഇൻ സഊദി’ എന്ന പ്രോഗ്രാം എംബ്ലം ഉപയോഗിക്കാൻ പ്രാദേശിക കമ്പനികൾക്ക് സാധിക്കും. സ്വദേശികൾക്ക് ഗുണകരമാവുകയും സഊദി സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന നിലക്ക് ദേശീയ ഐക്യദാർഢ്യത്തിന്റെ മനോഭാവം വർധിപ്പിക്കാനും ‘മെയ്ഡ് ഇൻ സഊദി’ പ്രോഗ്രാം സഹായിക്കും. ആഗോള, പ്രാദേശികതലങ്ങളിൽ സഊദി ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പിന്തുണ നൽകാനും സഊദി ഉൽപന്നങ്ങളുടെ പ്രാദേശിക ഉപഭോഗം വർധിപ്പിക്കാനും പ്രാദേശിക വിപണിയിൽ സഊദി ഉൽപന്നങ്ങളുടെ വിഹിതം ഉയർത്താനും പദ്ധതി സഹായിക്കും.