റിയാദ്: പൈലറ്റില്ലാ വിമാന നിർമ്മാണ മേഖലയിലേക്ക് സഊദി അറേബ്യ കാലെടുത്തു വെക്കുന്നു. ഇതിനായി സഊദി കമ്പനികൾ തമ്മിൽ കരാറിൽ ഒപ്പ് വെച്ചു. ഡ്രോൺ ഇനത്തിൽ പെട്ട വിമാനങ്ങളുടെ ഉൽപാദനം, വികസനം, നവീകരണം എന്നിവയിൽ പരസ്പരം സഹകരിക്കാനായി സഊദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസിനു കീഴിലെ അഡ്വാൻസ്ഡ് ഇലക്‌ട്രോണിക്‌സ് കമ്പനിയും പ്രിൻസ് സുൽത്താൻ സെന്റർ ഫോർ ഡിഫൻസ് സ്റ്റഡീസ് ആന്റ് റിസേർച്ചുമാണ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. പ്രിൻസ് സുൽത്താൻ സെന്റർ ഫോർ ഡിഫൻസ് സ്റ്റഡീസ് ആന്റ് റിസേർച്ച് ഡയറക്ടർ ജനറൽ സാമി ബിൻ മുഹമ്മദ് അൽഹുമൈദിയും അഡ്വാൻസ്ഡ് ഇലക്‌ട്രോണിക്‌സ് കമ്പനി സി.ഇ.ഒ സിയാദ് ബിൻ ഹമൂദ് അൽമുസ്‌ലിമും ആണ് കരാറിൽ ഒപ്പുവെച്ചത്.
നിരീക്ഷണ, രഹസ്യാന്വേഷണ ദൗത്യങ്ങൾ നടത്താൻ കഴിവുള്ള, ബഹുമുഖ ആവശ്യങ്ങൾക്കുള്ള തന്ത്രപരമായ പൈലറ്റില്ലാ വിമാനമായ സ്‌കൈ ഗാർഡ് ഇനത്തിൽ പെട്ട വിമാനങ്ങളുടെ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്.
കര, വ്യോമ, നാവിക സേനകളെ പിന്തുണക്കുന്ന തന്ത്രപരമായ ഓപറേഷനുകൾക്കാണ് വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. പരമാവധി 18,000 അടി ഉയരത്തിൽ വരെ പറക്കാൻ സാധിക്കുന്ന സ്‌കൈ ഗാർഡ് വിമാനത്തിൽ ഉയർന്ന കൃത്യതയാർന്ന ക്യാമറകളും ഇലക്‌ട്രോണിക് യുദ്ധസംവിധാനങ്ങളും അടങ്ങിയിരിക്കുന്നു. ഇതിനാൽ തന്നെ ലക്ഷ്യ സ്ഥാനങ്ങൾ കൃത്യമായി ആക്രമിക്കാൻ കഴിയും.