റിയാദ്: സഊദിയിൽ സ്കൂളുകൾ തുറക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ എത്തിയതോടെ നടപടികൾ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി ഡോ:ഹമദ് ആൽ ശൈഖ് ആണ് ക്രമീകരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതിനായി വിദ്യാർത്ഥികൾക്കിടയിൽ വാക്സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.
രണ്ട് ഡോസ് വാക്സിനെടുത്ത കുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് മദ്രസത്തി പ്ളാറ്റ് ഫോം വഴി ഓൺ ലൈൻ ക്ളാസുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ളാസിലെ ഏതെങ്കിലും ഒരു കുട്ടിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചാൽ ആ ക്ലാസ് 10 ദിവസത്തേക്ക് നിർത്തി വെക്കും. പിന്നീട് പ്രസ്തുത ക്ലാസിലെ കുട്ടികൾക്ക് 10 ദിവസം മദ്രസതി പ്ളാറ്റ്ഫോമിലൂടെ ഓൺലൈൻ ക്ലാസ്സുകൾ ആയിരിക്കും നൽകുക. എന്നാൽ, വ്യത്യസ്ത ക്ലാസുകളിലായി രണ്ടോ അതിലധികമോ പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ സ്കൂളിലെ മുഴുവൻ ക്ലാസ്സുകളും 10 ദിവസത്തേക്ക് നിർത്തി വെക്കുകയും എല്ലാവർക്കും ഓൺലൈൻ ക്ലാസ് നൽകുകയും ചെയ്യും.
സർക്കാർ സ്‌കൂളുകൾ ഈ മാസം 29ന് തുറക്കുമെങ്കിലും ഇന്ത്യൻ സ്‌കൂളുകൾ സെപ്തംബർ 5,12 തുടങ്ങിയ പല തിയ്യതികളിലായാണ് തുറക്കുന്നത്. ഏഴ് മുതലുള്ള ക്ലാസിലെ വിദ്യാർഥികളാണ് സ്‌കൂളുകളിൽ ഹാജറാകേണ്ടത്. ബാക്കിയുള്ള ക്ലാസുകൾ ഒക്ടോബർ 30 ന് ശേഷമായിരിക്കും തുറക്കുക. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകുന്ന നടപടി അതിവേഗം പുരോഗമിക്കുകയാണ്.