റിയാദ്: സഊദിയിൽ സ്കൂളുകൾ രണ്ടാഴ്ച്ചക്കുളിൽ തുറക്കാനിരിക്കെ നാട്ടിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് നേരിട്ട് വരാനുള്ള അനുമതി ലഭ്യമായില്ല. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരിട്ട് വരാൻ സംവിധാനം ഒരുക്കാൻ അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രാലയമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഇന്ത്യൻ എംബസി ചർച്ചകൾ നടത്തുന്നുവെന്ന് അംബാസിഡർ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇത് വരെ നടപടിയായിട്ടില്ല. ഇതോടെ സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കുന്നതോടെ നാട്ടിലുള്ള അധ്യാപകരും വിദ്യാർഥികളും അനിശ്ചിതത്വത്തിലായി. പ്രത്യേക അനുമതി ലഭിക്കാത്തതിനാൽ അധ്യാപകരും വിദ്യാർഥികളും മറ്റു പ്രവാസികൾ വരുന്നത് പോലെ ഇന്ത്യക്ക് പുറത്ത് പതിനാല് ദിവസം ചിലവഴിച്ച ശേഷമേ പ്രവേശനം സാധ്യമാകൂ.
അത് കൊണ്ട് തന്നെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്. ഭാരിച്ച ചെലവ് കാരണം സാധാരണ കുടുംബങ്ങൾക്ക് ഇത് താങ്ങാൻ കഴിയാത്തതിനാൽ പലരും തിരിച്ചു വരാൻ മടിക്കുകയാണ്. ഇതോടെ സ്‌കൂളുകൾ തുറന്നാലും ഓൺലൈൻ പഠന സംവിധാനം നിലനിർത്തേണ്ടിവരുമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ അഭിപ്രായം.
ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ പോയി തിരിച്ചുവരാൻ സാധിക്കാത്ത അധ്യാപകർ അടക്കമുള്ള സ്റ്റാഫിനെ നേരിട്ട് സഊദിയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്‌കൂൾ അധികൃതർ വിദ്യാഭ്യാസ മന്ത്രാലയത്തിന് പേര് വിവരങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതേ കുറിച്ച് വിവരമൊന്നും ലഭ്യമായില്ല. അതിനാൽ തന്നെ പല അധ്യാപകരും വിദ്യാർഥികളും ഖത്തർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ വഴി സഊദിയിലെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞയാഴ്ച പ്രത്യേക അനുമതിയില്ലാതെ അധ്യാപകർ അടക്കമുള്ളവരുമായി സഊദിയിലെത്തിയ ഇന്ത്യയിലെ രണ്ട് സ്വകാര്യ എയർലൈനുകൾക്ക് വൻ തുക പിഴയും രണ്ടാഴ്ചത്തെ സർവീസ് വിലക്കും ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. സഊദിയിൽ നിന്നിറങ്ങുന്ന മലയാളംഓൺലൈൻ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യപ്രവർത്തകരുമായുള്ള വിമാനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. സർക്കാർ സ്‌കൂളുകൾ ഈ മാസം 29ന് തുറക്കുമെങ്കിലും ഇന്ത്യൻ സ്‌കൂളുകൾ സെപ്തംബർ 5,12 തുടങ്ങിയ പല തിയ്യതികളിലായാണ് തുറക്കുന്നത്. ഏഴ് മുതലുള്ള ക്ലാസിലെ വിദ്യാർഥികളാണ് സ്‌കൂളുകളിൽ ഹാജറാകേണ്ടത്. ബാക്കിയുള്ള ക്ലാസുകൾ ഒക്ടോബർ 30 ന് ശേഷമായിരിക്കും തുറക്കുക. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകുന്ന നടപടി അതിവേഗം പുരോഗമിക്കുകയാണ്.