സഊദിയിൽ സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് 72 തൊഴിലുകൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധം

0
3810

റിയാദ്: സഊദിയിൽ സ്ഥാപനങ്ങളുടെ മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് 16 തൊഴിൽ മേഖകളിലായി 72 പ്രൊഫഷനുകൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി. മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് ഡെപ്യൂട്ടി മന്ത്രി ഡോ: അഹമ്മദ് ഖത്താൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റികളുടെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ആദ്യത്തെ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് വിതരണം രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും അടുത്ത വർഷം തുടക്കത്തിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

16 പ്രധാന തൊഴിലുകൾക്ക് കീഴിലുള്ള 72 പ്രൊഫഷനുകൾക്ക് ഇത് ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. മദീന ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച രാജ്യത്തെ നഗരങ്ങളുടെ നടത്തിപ്പിൽ സ്വകാര്യമേഖലയുടെ പങ്ക് നിയന്ത്രിക്കുന്നതിനുള്ള ഒരു ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ, സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ ലൈസൻസ് പുതുക്കാൻ കുറഞ്ഞത് സ്ഥാപനത്തിലെ ഒരു തൊഴിലാളിക്കെങ്കിലും പ്രൊഫഷണൽ ലൈസൻസ് ലഭ്യമായിരിക്കണമെന്ന മാനദണ്ഡമാണ് പ്രാബല്യത്തിൽ വരുത്തുക.

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാക്കാതെയും അവരുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കാതെയും പുതിയ തീരുമാനം നടപ്പാക്കാനാണ് വിവിധ ഘട്ടങ്ങളിലായി ഇത് പ്രാബല്യത്തിൽ വരുത്തുന്നത്. അതുകൊണ്ടാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് തുടക്കത്തിൽ ഒരു തൊഴിലാളിയെങ്കിലും എന്ന രീതിയിൽ പ്രൊഫഷണൽ ലൈസൻസ് ലഭിക്കുന്നത് നിർബന്ധമാക്കുന്നതെന്നും പിന്നീട് തൊഴിലാളികളിൽ പകുതി പേരെങ്കിലും പരീക്ഷ പാസാകണമെന്ന തലത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതിയായ പരിചയമോ സർട്ടിഫിക്കറ്റോ ഇല്ലാതെ ധാരാളം തൊഴിലാളികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ചില ബിസിനസുകളുടെ പുരോഗതിയെയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും അതിനാലാണ് ഇത്തരമൊരു നടപടിക്കളിലേക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, സാറ്റലൈറ്റ് ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, പ്ലംബർ, കാർപെന്റർ, കൊല്ലപ്പണി, ബിൽഡർ, പെയിന്റർ, ഫർണിച്ചർ ക്ലീനർ, വാട്ടർ ടാങ്ക് ക്ലീനർ, ഷഡ്പദ -കീട നിയന്ത്രണ തൊഴിലാളി, ചെടി പരിപാലന വർക്കർ, മെക്കാനിക്, വനിതാ ബ്യൂട്ടീഷ്യൻ, ബാർബർ എന്നിവയാണ് മുനിസിപ്പൽ ലൈസൻസ് ലഭ്യമാകാൻ നിർബന്ധിത പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്ന പ്രധാന തൊഴിലുകൾ.