മാലി: മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം മാലിദ്വീപിൽ നിന്നും ആഘോഷിച്ച് സഊദി പ്രവാസികൾ. സഊദി അറേബ്യ യാത്ര വിലക്ക് ഏർപ്പെടുത്തിയത് മൂലം അവധി കഴിഞ്ഞു തിരിച്ചു പോകേണ്ടതിനായി മൂന്നാമതൊരു രാജ്യം ഇടത്താവളമായി സഊദിയിലേക്ക് തിരിക്കാനായി മാലിദ്വീപിൽ എത്തിയ ഒരു കൂട്ടം യുവാക്കളാണ് മാതൃരാജ്യ സ്വാതന്ത്ര്യ സ്മരണ പുതുക്കിയത്. മാലിദ്വീപിലെ മാലി ടൗണിനോട് ചേർന്ന റാസ്ഫന്നു ബീച്ചിൽ വെച്ചാണ് ഇവർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കിയത്.
ദേശീയ പതാകയേന്തി സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് കൊണ്ട ഇവർ ദേശീയ ഗാനം ആലപിച്ചാണ് സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായത്. കെ ശിഹാബ് പറപ്പൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അക്ബർ മൂഴിക്കൽ പാലത്തിങ്ങൽ, ജംഷീദ് തീണ്ടേക്കാട്, അസ്ഹറുദ്ദീൻ പറപ്പൂർ, സിറാജുദ്ദീൻ ഊരകം, അബ്ദുൽ റഷീദ് കുറ്റിപ്പുറം, റഫീക്ക് തുവ്വൂർ , ഷാജി ഓലപ്പുലാൻ തെക്കേകുളമ്പ് എന്നിവർ പങ്കെടുത്തു.




