റിയാദ്: ഇന്ന് മുതൽ യു എ ഇയിലേക്ക് സന്ദർശക വിസക്കാർക്കും അനുമതി നൽകിയതോടെ അബൂദബി വഴി സഊദിയിലേക്ക് വരാനാകുമോ എന്ന അന്വേഷണത്തിലാണ് സഊദി പ്രവാസികൾ. നിരവധി പേരാണ് ഇക്കാര്യം അന്വേഷിച്ച് ബന്ധപ്പെടുന്നത്. വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും സഊദിയിൽ എത്തിച്ചേരാനാകുമെന്നതിനാലാണ് പ്രവാസികൾ ഈ വഴിയുള്ള പ്രവേശനം അന്വേഷിക്കുന്നത്. എന്നാൽ, നിലവിൽ സഊദിയുടെ നിരോധിത യാത്രാ ലിസ്റ്റിൽ നിന്ന് യു എ ഇ യെ മാറ്റിയിട്ടില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ തത്കാലം യു എ ഇ വഴിയുള്ള യാത്ര തത്കാലം സാധ്യമല്ല.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്കും അല്ലാത്തവർക്കും വാക്സിനെടുക്കാത്ത സന്ദർശക വിസക്കാർക്കും നിബന്ധനകളോടെ പ്രവേശനാനുമതി നൽകിയിരിക്കുകയാണ് അബുദാബി. ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത റെസിഡൻറ് വിസക്കാരും സന്ദർശകരും പത്ത് ദിവസം ക്വാറൻറീനിൽ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുേമ്പാൾ പി.സി.ആർ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്സിനെടുത്തവർക്ക് ഏഴ് ദിവസം ക്വാറൻറീൻ മതി. ആറാം ദിവസം പി.സി.ആർ പരിശോധന നടത്തണം. നേരത്തെ വാക്സിനെടുത്തവർക്ക് പത്ത് ദിവസവും വാക്സിനെടുക്കാത്തവർക്ക് 12 ദിവസവുമായിരുന്നു ക്വാറൻറീൻ. പുതിയ നിബന്ധന പ്രകാരം ഇത് യഥാക്രമം ഏഴ്, പത്ത് ദിവസമായി ചുരുക്കി.
ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി പ്രവാസികൾ സഊദി പ്രവേശനം സാധ്യമാകുമോ എന്ന അന്വേഷണത്തിലാണ് പ്രവാസികൾ. വിസിറ്റിംഗ് വിസയിൽ അബുദാബിയിൽ പ്രവേശിക്കാനുള്ള അനുമതി സസഊദി പ്രവാസികൾക്കും വലിയ പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. എന്നാൽ, നിലവിൽ സഊയുടെ വിഖായ ലിസ്റ്റ് പ്രകാരം യു എ ഇ ഇപ്പോഴും ഹൈ റിസ്ക് രാജ്യങ്ങളിലാണുള്ളത്. അതിനാൽ യു എ ഇ സഊദിയുടെ തന്നെ യാത്രാ വിലക്ക് രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോഴും ഉണ്ട്. യാത്രാ വിലക്ക് നീങ്ങുകയാണെങ്കിൽ മറ്റേത് രാജ്യങ്ങൾ വഴി പോകുന്നതിനേക്കാളും സുഗമമായ രീതിയിൽ സഊദിയിലെത്താൻ സാധിക്കുമെന്നതിനാലാണ് യു എ ഇയിലെ വിസാ നടപടികളിലെ ഇളവുകൾ സഊദി പ്രവാസികളും ആകാംക്ഷയോടെ നോക്കിക്കാണുന്നത്.





