ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഉപയോഗിക്കാത്ത സന്ദർശന വിസ കാലാവധി നീട്ടി

0
5671

റിയാദ്: ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ സന്ദർശന വിസയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു ഫീസും ഈടാക്കാതെ തന്നെ സൗജന്യമായാണ് വിസ കാലാവധി നീട്ടി നൽകുന്നത്. വിസയുടെ കാലാവധി ഓട്ടോമാറ്റിക് ആയി തന്നെ നീട്ടി നൽകുമെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. https://enjazit.com.sa/enjaz/extendexpiredvisa ലിങ്കിലൂടെയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സഊദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ച കാലയളവിൽ കാലഹരണപ്പെട്ട വിസിറ്റ് വിസകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് പ്രത്യാഘാതങ്ങളും കൈകാര്യം ചെയ്യുന്നതിലും അതിന്റെ സാമ്പത്തിക, പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും സഊദി സർക്കാർ തുടർച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

കഴിഞ്ഞ മാസം, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) ഇഖാമയുടെ (റെസിഡൻസി പെർമിറ്റ്) സാധുതയും രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളും, സന്ദർശന വിസയുടെ സാധുതയും ഓഗസ്റ്റ് 31 വരെ സൗജന്യമായി നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം നിലവിൽ യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും വിദേശികൾക്കും മാത്രമേ ഇത് ലഭ്യമാകൂ. മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ ഉള്ളവർക്ക് ഈ സൗജന്യ പുതുക്കൽ ഉണ്ടാകില്ലെന്ന് ജവാസാത്ത് അന്ന് വ്യക്തമാക്കിയിരുന്നു.

തൊഴിൽ, സന്ദർശക വിസ കൈവശമുള്ള ഈ രാജ്യങ്ങളിലെ ആളുകൾ, മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച ചിലവഴിച്ച ശേഷമേ സഊദിയിലേക്ക് പ്രവേശനം അനുവദിക്കൂ. നിലവിൽ, ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങൾ.