റിയാദ്: വരും വർഷങ്ങളിൽ ഗൾഫ് മേഖലകൾ നേരിടാൻ പോകുന്നത് അപകടകരമായ നിലയിലുള്ള കാലാവസ്ഥാ വ്യതിയാനമായിരിക്കുമെന്ന് യു എൻ മുന്നറിയിപ്പ്. അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങളിൽ കാലാവസ്ഥ മാറ്റത്തിെൻറ തീവ്രഫലങ്ങൾ അപകടകരമായ രീതിയിലായിരിക്കും വരും വർഷങ്ങളിൽ അനുഭവപ്പെടുകയെന്നാണ് യു എൻ റിപ്പോർട്ടിൽ നൽകുന്ന മുന്നറിയിപ്പ്. ചൂട് കാലാവസ്ഥയുടെ തീവ്രതയും ഇടവേളകളും വർധിക്കുന്നതിനൊപ്പം തണുപ്പ് കാലാവസ്ഥയുടെ തീവ്രതയിലും ഇടവേളകളിലും കാര്യമായ കുറവ് അനുഭവപ്പെടുമെന്നും ഐക്യരാഷ്ട്രസഭ ഇന്‍റർഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) ഈയാഴ്ച ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജീവജാലങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമായി ചൂട് കൂടുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ ഉണ്ട്. അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ ആഗോളതാപ നിലയിൽ ശരാശരി ഒന്നര ഡിഗ്രി സെന്‍റിഗ്രേഡിെൻറ വർധന ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഭൂമിയിലെ മനുഷ്യൻ ഉൾപ്പെടെ മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് സൃഷ്ടിക്കുകകയെന്നും 2040ഓടെ ആഗോള താപനിലയിൽ ഒന്നര ഡിഗ്രിയുടെ വർധന ഉണ്ടാകുമെന്നും ഐ.പി.സി.സി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ആഗോളതാപനത്തെ തുടർന്ന് അന്തരീക്ഷ താപനില രണ്ട് ഡിഗ്രി കൂടുന്ന പക്ഷം അത് മനുഷ്യ ജീവിതത്തെയും കാർഷിക രംഗത്തെയും അതീവ ഗുരുതരമായി ബാധിക്കും. ആഗോള താപനത്തിലെ വർധനക്ക് അനുസരിച്ച് കാലാവസ്ഥ മാറ്റത്തിലെ തീവ്രതയും കാലാവസ്ഥ മാതൃകകളിലെ മാറ്റങ്ങളുടെ വേഗം വർധിപ്പിക്കുകയും ചെയ്യും. തീവ്രമായ കാലാവസ്ഥ മാറ്റം ഇടവിട്ടുള്ള വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, സൂപ്പർസൈക്ലോൺ, മഞ്ഞുരുക്കം, സമുദ്രജലനിരപ്പ് ഉയരൽ, തീരദേശങ്ങളിലെ വെള്ളപ്പൊക്കം തുടങ്ങിയവക്കും കാരണമാകും. ഈ മാറ്റങ്ങൾ കൃഷി, ഭക്ഷ്യ സുരക്ഷ, രോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നുമുള്ള സുരക്ഷ തുടങ്ങിയവയെ തീവ്രമായി ബാധിക്കും.

14,000 ശാസ്ത്ര പ്രബന്ധങ്ങളിൽ നിന്നുള്ള വിവരങ്ങൾ സ്വരൂപിച്ചാണ് ഞെട്ടിക്കുന്ന റിപോപ്പർട്ട് ഐ.പി.സി.സി തയാറാക്കിയിരിക്കുന്നത്. ഇതിനകം തന്നെ വിവിധ രാജ്യങ്ങൾ ആഗോള താപനം തടയാനായുള്ള മാർഗ്ഗങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ പല നഗരങ്ങളും കടുത്ത ഭീഷണിയിലാണെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്ത് വന്നിട്ടുട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്ത്തിന്റെ ഭാഗമായി ഇന്ത്യയിൽ കൊച്ചിയടക്കം പന്ത്രണ്ട് ഇന്ത്യൻ നഗരങ്ങൾ ഈ നൂറ്റാണ്ടോടെ ഇല്ലാതാകുമെന്ന് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഐ പി സി സി റിപ്പോർട്ട് അവലോകനം ചെയ്‌ത് നാസയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്രയും നഗരങ്ങൾ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വെള്ളത്തിൽ മുങ്ങിയിരിക്കുമെന്നാണ് റിപ്പോർട്ട്. ദ്രുവങ്ങളിലെ മഞ്ഞുരുക്കവും ഹിമാലയങ്ങളിലെ മഞ്ഞുരുക്കവുമാണ് ഭീഷണി ഉയർത്തുന്നത്.