“ഡെൽറ്റ” വൈറസ് ലോകത്ത് ആധിപത്യം സ്ഥാപിക്കും, മൂന്നാം ഡോസ് വാക്സിനും വേണ്ടി വരും; മുന്നറിയിപ്പുമായി സഊദി ആരോഗ്യ വിദഗ്ധൻ

0
3092

റിയാദ്: പരിവർത്തനം ചെയ്ത “ഡെൽറ്റ” വൈറസ് ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി സഊദിയിലെ സാംക്രമിക രോഗ വിദഗ്ധൻ. ഇതിനെ തടയിടാനായി മൂന്നാം ഡോസും ആവശ്യമായി വന്നേക്കാമെന്നും ആരോഗ്യ വിദഗ്ധൻ ഡോ: അലി അൽ ശഹരി പറഞ്ഞു.

അൽ-ഇഖ്ബാരിയ ചാനലിൽ നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായ രോഗികൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾക്കും മൂന്നാമത്തെ ഡോസ് ആവശ്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് മൂന്നാമത്തെ ഡോസ് ആവശ്യമാണെന്നാണ്. എന്നാൽ, മറ്റ് രാജ്യങ്ങൾ വാക്സിനുകൾ എടുക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ മൂന്നാമത്തെ ഡോസ് വൈകുകയോ നിർത്തുകയോ ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറസിന്റെ ജനിതക ശ്രേണിയും പരിവർത്തനവും നിരീക്ഷിക്കാനുള്ള സംവിധാനം സഊദിക്ക് ഉണ്ടെന്നും പരിവർത്തനം ചെയ്ത പകർച്ചവ്യാധി പടരുന്നതിനെക്കുറിച്ച് രാജ്യത്ത് ഭയപ്പെടുത്തുന്ന പ്രശനങ്ങൾ ഒന്നുമില്ലെന്നതും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.