ഖത്തറിൽ നിന്ന് ടാക്‌സി വഴിയുള്ള സഊദി പ്രവേശനത്തിന് താത്കാലിക വിലക്ക്

ഇന്ന് ഖത്തർ എമിഗ്രെഷനിൽ നിന്ന് നിരവധി പേരെ തിരിച്ചയച്ചു

0
8577

ദമാം: ഖത്തറിൽ നിന്ന് സഊദിയിലേക്ക് ഏറെ ആശ്വാസകമായി മാറിയിരുന്ന കര മാർഗ്ഗമുള്ള പ്രവേശനത്തിന് താത്കാലിക വിലക്ക്. സഊദി-ഖത്തർ അതിർത്തി പങ്കിടുന്ന അബൂസംറ ചെക്ക് പോയന്റ് വഴിയുള്ള യാത്രയാണ് താത്കാലികമായി പ്രതിസന്ധിയിലായത്. ഇന്ന് ഖത്തറിൽ നിന്ന് ഇത് വഴി സഊദിയിലേക്ക് പ്രവേശിക്കാനായി എത്തിയ നിരവധി യാത്രക്കാരെ പ്രവേശന കവാടങ്ങളിൽ നിന്ന് ഖത്തറിലേക്ക് തന്നെ തിരിച്ചയച്ചു. ഇനി മുതൽ സഊദിയിലേക്ക് ഇത് വഴി തത്കാലം പ്രവേശനം അനുവദിക്കുകയില്ലെന്നാണ് ഇവിടെ നിന്ന് തിരിച്ചു പോയവർ അറിയിക്കുന്നത്.

ഇന്ന് ദോഹയിൽ നിന്ന് സഊദിയിലേക്ക് തിരിച്ച സഊദി പ്രവാസികളെ ഖത്തർ എമിഗ്രെഷനിൽ നിന്നാണ് തിരിച്ചയത്. സഊദി പ്രവേശനത്തിനായി ഖത്തറിൽ പതിനാല് ദിവസം കഴിഞ്ഞ ശേഷം സഊദിയിലേക്ക് പോകാനായി അതിർത്തിയിൽ എത്തിയതായിരുന്നു ഇവർ. എന്നാൽ ദോഹയിൽ നിന്ന് വരുമ്പോൾ അഭിമുഖീകരിക്കേണ്ട ആദ്യ കേന്ദ്രമായ ഖത്തർ എമിഗ്രെഷനിൽ നിന്ന് തന്നെ ഇവർക്ക് മടങ്ങേണ്ടി വന്നു. സഊദി പ്രവേശനത്തിനായി അനുമതി നൽകാത്തതിനെ ഇവർ ദോഹയിലേക്ക് തന്നെ തിരിക്കുകയായിരുന്നു. ഇതേ തുടർന്ന് സഊദി അതിർത്തിയിൽ ഇവരെ സ്വീകരിക്കാനായി കാത്തിരുന്ന ടാക്സി കമ്പനിക്കാർക്ക് തിരിച്ചു പോകേണ്ടി വന്നു.

വരും ദിവസങ്ങളിൽ ഇനി പഴയത് പോലെ പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് വഴിയുള്ള പ്രവേശനം പൂർണ്ണമായും നിർത്തുകയാണെങ്കിൽ ഇനി വിമാന മാർഗ്ഗം വഴി മാത്രമേ സഊദിയിലക്ക് ഖത്തറിൽ നിന്ന് പ്രവാസികൾക്ക് പ്രവേശിക്കാനാകൂ. മലയാളികൾക്ക് ഏറെ ആശ്വാമായിരുന്നു കര മാർഗ്ഗമുള്ള ഇത്തരം ടാക്സി സർവ്വീസ്. ചുരുങ്ങിയ ചിലവിൽ സഊദിയിലേക്ക് കടക്കാനാകുന്ന ഈ സർവീസുകളിൽ ഇതിനകം തന്നെ നിരവധിയാളുകളാണ് സഊദിയിലേക്ക് പ്രവേശനം നേടിയത്.

ഖത്തറിൽ നിന്നെത്തി അതിർത്തി കടന്ന് മറ്റു വാഹനങ്ങളിൽ യാത്ര പോകുന്നതിനാണ് വിലക്കെന്നും ഖത്തറിൽ നിന്ന് നേരിട്ട് സഊദിയിലേക്ക് പോകുന്ന വാഹനങ്ങളിൽ യാത്ര പോകുന്നതിനു കുഴപ്പമില്ല എന്നുമാണ് അറിയുന്നത്. എന്നാൽ, നിലവിൽ അത്തരം സൗകര്യങ്ങൾ ഉള്ള ടാക്സി സർവ്വീസുകൾ ലഭ്യമല്ല. ഖത്തർ അതിർത്തി വരെ ഖത്തർ ടാക്സിക്കാരും സഊദി അതിർത്തിൽ നിന്ന് സഊദി ടാക്സിക്കാരുമാണ് യാത്രക്കാരെ എത്തിക്കുന്നതും കൊണ്ട് പോകുന്നതും.

വിലക്ക് വന്നത് നേരിട്ട് തിരിച്ചറിഞ്ഞതോടെ ഇന്ന് ടാക്സി വഴി യാത്ര പോകാനായി ഒരുങ്ങിയ യാത്രക്കാർ മറ്റു വഴികൾ തിരഞ്ഞെടുക്കേണ്ടി വരുമെന്ന് ടാക്സി കമ്പനി ഡ്രൈവർമാർ അറിയിച്ചിട്ടുണ്ട്. ഇവർക്ക് ലഭ്യമാകുന്നുവെങ്കിൽ ബസ് മാർഗ്ഗമോ അല്ലെങ്കിൽ വിമാന മാർഗ്ഗമോ സഊദിയിലേക്ക് പോകേണ്ടി വരും.

“ഖത്തർ വഴിയെത്തുന്ന സഊദി പ്രവാസികൾക്ക് ആശ്വാസമായി ടാക്‌സി ട്രിപ്പുകൾ, 500 റിയാലിന് ദമാമിൽ എത്താം”