ആശ്വാസം, പ്രശംസനീയം ഈ നടപടി, സഊദിയിൽ ചില നിയമ ലംഘനങ്ങൾക്ക് പിഴകൾ ഈടാക്കില്ല

0
7795

റിയാദ്: രാജ്യത്ത് നഗരസഭാ നിയമ ലംഘനങ്ങളിൽ ചിലതിന് ആദ്യ തവണ പിഴ ഈടാക്കാതിരിക്കാൻ തീരുമാനം. പകരം നിയമ ലംഘനം നടത്തുമ്പോള്‍ ആദ്യ തവണയാണെങ്കിൽ നിയമ ലംഘനം ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പ് മാത്രമായിരിക്കും നൽകുക. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, എല്ലാ നിയമ ലംഘനങ്ങൾക്കും ഈ ഇളവ് ലഭികുകയില്ല. ആദ്യമായി നടത്തുന്ന ചില നിയമ ലംഘനങ്ങള്‍ക്ക് മാത്രമാണ് പിഴ ചുമത്തുന്നത് നിര്‍ത്തിവെക്കുന്നത്.

ഗുരുതരമായ നിയമ ലംഘനങ്ങളും മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന നിയമ ലംഘനങ്ങളും മുന്നറിയിപ്പിൽ ഉൾപ്പെടുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്ക് ഇനി ഇത് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് രേഖാമൂലം നൽകണമെന്നും നിയമ ലംഘനം നീക്കം ചെയ്യുകയും ഒരു നിശ്ചിത കാലയളവിനുള്ളിൽ സ്ഥിതിഗതികൾ മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരികെ നൽകുകയും ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകണമെന്നുമാണ് നിർദേശം.

ശിക്ഷാ നടപടികള്‍ ബാധകമാക്കുന്നതിലൂടെ നിയമപാലന തോത് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു. നഗരവികസനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന ഉയര്‍ത്തുന്നതിലും സംരംഭകരെയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും പ്രത്യേകം പരിഗണിക്കുന്നതിലും പുതിയ തീരുമാനം പ്രതിഫലിക്കും.

രാജ്യത്ത് പുതിയൊരു മുഖം കൊണ്ട് വരുന്നതും ഏവരാലും പ്രശംസിക്കപ്പെടുന്നതുമാണ് പുതിയ തീരുമാനം.