റിയാദ്: രാജ്യത്ത് സ്റ്റേഡിയങ്ങളിൽ രണ്ടു ഡോസ് വാക്സിനെടുത്ത കൂടുതൽ പേരെ ഉൾക്കൊളിക്കാൻ സ്പോർട്സ് മന്ത്രാലയം തീരുമാനിച്ചു. നേരത്തെ അനുവദിച്ചിരുന്ന 40 ശതമാനത്തിൽ നിന്ന് 60 ശതമാനം ശേഷിയിലേക്കാണ് പ്രവേശനം അനുവദിച്ചത്. 2021-2022 സ്പോർട്സ് സീസണിലേക്കുള്ള സ്പോർട്സ് മത്സരങ്ങൾ കാണുന്നതിനാണ് പൂർണ്ണമായി കുത്തിവയ്പ് സ്വീകരിച്ച ആരാധകരെ കൂടുതൽ ശേഷിയുടെ പ്രവേശനം അനുവദിക്കുന്നത്.
എന്നാൽ, 12 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ ലഭിച്ചവർക്കും മാത്രമായിരിക്കും പ്രവേശനം. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കുകയില്ല.
സ്റ്റേഡിയങ്ങളിലേക്ക് ജനങ്ങൾ പ്രവേശിക്കുന്നതിനായി പ്രധാന മുൻകരുതൽ നടപടികൾ തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, പ്രവേശന സംവിധാനം, സ്റ്റാൻഡിനകത്തും പുറത്തും ഒത്തുചേരലുകൾ തടയുക, പ്രവേശന കവാടങ്ങളിൽ അടക്കം പാലിക്കേണ്ട മറ്റു നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൊറോണ മഹാമാരിയെ തുടർന്ന് 2020 മാർച്ചിൽ സ്റ്റേഡിയങ്ങളിൽ പ്രവേശനം നിർത്തി വെച്ചിരുന്നു. പിന്നീട് കഴിഞ്ഞ സീസണിൽ മെയ് പകുതിയോടെ ലീഗിന്റെ അവസാന രണ്ട് റൗണ്ടുകളിൽ സ്റ്റേഡിയങ്ങളുടെ 40 ശതമാനം ആളുകളെ പ്രവേശിപ്പിച്ചിരുന്നു. ഏഷ്യൻ കപ്പ് 2023 -2022 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ ആണ് പിന്നീട് സ്റ്റേഡിയങ്ങളിലേക്ക് വാക്സിനേഷൻ ചെയ്ത ആരാധകരുടെ തിരിച്ചുവരവിന് ഈ വര്ഷം മാർച്ചിൽ അനുമതി നൽകിയത്.