റിയാദ്: രാജ്യത്ത് കൊവിഡ് പോരാട്ടത്തിനിടെ വൈറസ് ബാധിച്ച് മരിച്ച വിദേശികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിനുള്ള ധന സഹായ വിതരണം തുടങ്ങി. സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. സഊദി മന്ത്രിസഭയാണ് കൊവിഡ് പോരാട്ടത്തിനിടെ മരണപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം റിയാൽ ധന സഹായം പ്രഖ്യാപിച്ചത്.
ഇതിന്റെയടിസ്ഥാനത്തിലാണ് ധനസഹായ വിതരണം തുടങ്ങിയത്. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യവേ കൊവിഡ് പോരാട്ടത്തിനിടെ മരണത്തിനു കീഴടങ്ങിയ സ്വദേശ, വിദേശ വ്യത്യാസമില്ലാതെ മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും കുടുംബങ്ങൾക്ക് തുക നൽകും.
കൊറോണ പകർച്ചവ്യാധി സമയത്ത് രോഗികളെ സേവിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള അവരുടെ ജോലി നിർവഹിക്കുന്നതിൽ അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും, പ്രത്യേകിച്ച് പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ സ്വയം ത്യാഗം ചെയ്തവരണാവരെന്നും , അവരോട് കരുണ കാണിക്കാനും ക്ഷമിക്കാനും സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.




