സഊദിയിൽ ഇൻഷുറൻസ് പോളിസിയിൽ ഭേദഗതികൾ വരുത്തി, ഇനി കൂടുതൽ പരിശോധനകൾക്കും ചികിത്സകൾക്കും ഇൻഷുറൻസ് ലഭിക്കും

0
2242

റിയാദ്: സഊദിയിൽ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിൽ കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഭേദഗതി വരുത്തി. ഉപഭോക്താക്കൾക്ക് കൂടുതല്‍ പരിരക്ഷകള്‍ ഉറപ്പുവരുത്തുന്ന തരത്തില്ലാണ് പരിഷ്കരിച്ചത്. ഇതോടെ, ഇൻഷുറൻസ് കവറേജിൽ കൂടുതൽ രോഗങ്ങൾക്കുള്ള ചികിത്സകളും പരിശോധനകളും ലഭ്യമാകും. ഏതാനും വാക്സിനുകളും ഇൻഷുറൻസിന് കീഴിൽ ലഭിക്കും.

ടെറ്റനസ്, ഡിഫ്റ്റീരിയ, ടിഡാപ്, പി.സി.വി 13, പി.പിസി.വി 23, ഇന്‍ഫ്‌ളുവന്‍സ എന്നീ വാക്‌സിനുകളാണ് മുതിര്‍ന്നവര്‍ക്ക് പോളിസി പ്രകാരം ലഭ്യമാകുക. സ്തനാര്‍ബുദം കണ്ടെത്താനുള്ള മാമോഗ്രാം, ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താനുള്ള ഗര്‍ഭാശയമുഖ പരിശോധന, വന്‍കുടല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ മലത്തില്‍ നടത്തുന്ന കെമിക്കല്‍ പരിശോധന, വന്‍കുടല്‍ അര്‍ബുദം കണ്ടെത്താനുള്ള കൊളോണോസ്‌കോപ്പി, രക്തത്തിലെ പഞ്ചസാര പരിശോധന, കൊഴുപ്പ് പരിശോധന, അസ്ഥിക്ഷയം കണ്ടെത്താനുള്ള ഡെക്‌സ അസ്ഥി സാന്ദ്രതാ പരിശോധന, ഹൃദയ സംബന്ധമായ അപകട സാധ്യതയുള്ള മുതിര്‍ന്നവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട പെരുമാറ്റ-പോഷകാഹാര കണ്‍സള്‍ട്ടേഷന്‍, ടെലി മെഡിസിന്‍ സേവനം വഴിയുള്ള സേവനങ്ങള്‍,

വീടുകളില്‍ വെച്ച് ചികിത്സ പൂര്‍ത്തിയാക്കാന്‍ കിടപ്പ് രോഗികളെ സഹായിക്കുന്ന ഗാര്‍ഹിക ആരോഗ്യ പരിചരണങ്ങള്‍, ശസ്ത്രക്രിയാനന്തര മുറിവ് പരിചരണം, അടിയന്തിര മെഡിക്കല്‍ കേസുകളിലെ പരിചരണം, ശസ്ത്രക്രിയക്കു ശേഷവും അടിയന്തിര മെഡിക്കല്‍ കേസുകളിലും ഇന്‍ട്രാവെനസ് മരുന്നുകള്‍, യൂറിനറി കത്തീറ്റര്‍ കെയര്‍, ലൈംഗിക പകര്‍ച്ചവ്യാധികള്‍, നോണ്‍-ഗോണോകോക്കല്‍ യൂറിത്രൈറ്റിസ് (എന്‍.ജി.യു) കവറേജ്, എച്ച്.ഐ.വി, സിഫിലിസ്, ജനനേന്ദ്രിയ അരിമ്പാറ, നൈസീരിയ ഗൊണോര്‍ഹോയ, ജനനേന്ദ്രിയ-കനാല്‍ ഹെര്‍പ്പസ്, താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ഒ.പി ക്ലിനിക്ക് ഫോളോഅപ്, ആര്‍ത്തവവിരാമത്തിനും ആര്‍ത്തവവിരാമത്തിനു മുമ്പും സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ ചികിത്സ എന്നിവക്കും ഇന്‍ഷുറന്‍സ് പോളിസി വഴി പരിരക്ഷ ലഭിക്കും.