റിയാദ്: രാജ്യത്തെ വിമാനത്താവളങ്ങളിലെ വിവരങ്ങൾ യാത്രക്കാർക്ക് ഞൊടിയിടയിൽ അറിയാനായി വാട്സാപ്പ് സംവിധാനമൊരുക്കി സഊദി സിവിൽ എവിയേഷൻ വകുപ്പ്. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവള ഗുണഭോക്താക്കൾക്ക് മികച്ചതും അന്താരാഷ്ട്ര സേവനങ്ങൾക്കനുസൃതമായി ആശയവിനിമയം നടത്താനും ഉതകുന്ന തരത്തിലാണ് “വാട്ട്‌സ്ആപ്പ്” സേവനം ആരംഭിച്ചത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പാസഞ്ചർ കെയർ സെന്ററിനായി ആദ്യ ഘട്ടത്തിൽ 0115253333 എന്ന നമ്പറിലൂടെയാണ് വാട്സാപ്പിൽ ബന്ധപ്പെടാനുള്ള അവസരം ഒരുക്കിയത്. ഈ നമ്പർ സേവ് ചെയ്തു സന്ദേശം അയച്ചാൽ വിമാനത്താവള വിവരങ്ങൾ ലഭ്യമാകും.
യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നടപ്പാക്കിയ നിയന്ത്രണങ്ങളും നിയമനിർമ്മാണങ്ങളും ഉൾപ്പെടെ യാത്രയിൽ ബാധകമായ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതിനും യാത്രികരുട സേവനങ്ങൾ പരിപാലിക്കുകയും യാത്രികരുടെ യാത്രാ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
സഊദി എയർപോർട്ടുകളിലൂടെ പുറപ്പെടുന്നതും ഇറങ്ങുന്നതുമായ വിമാനത്തെക്കുറിച്ച് അറിയാൻ ഉപകരിക്കുന്ന ഫ്ലൈറ്റ് വിവരങ്ങൾ, വിമാനത്താവളങ്ങളെയും വിമാന കമ്പനികളെയും കുറിച്ചുള്ള പരാതികൾ സമർപ്പിക്കുന്നതിനുള്ള (കസ്റ്റമർ കെയർ) സേവനം, യാത്രക്കാരന് തന്റെ യാത്രാ യാത്രയിൽ തന്റെ എല്ലാ അവകാശങ്ങളും കാണാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എക്സിക്യൂട്ടീവ് ചട്ടങ്ങൾ അറിയാൻ ഡൗൺലോഡ് ചെയ്യാനുമുള്ള സഹായം, കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ, യാത്രക്കാർക്ക് വിമാനങ്ങൾ പുനരാരംഭിക്കുന്ന ഘട്ടത്തിൽ യാത്രക്കാരന്റെ ബാധ്യതകൾ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഗൈഡ് എന്നിവയും ഇതിലൂടെ ലഭ്യമാകും.
യാത്രക്കാരുമായും എയർപോർട്ട് യാത്രക്കാരുമായും ആശയവിനിമയം ഉറപ്പാക്കുന്നതിന് അതോറിറ്റി 24 മണിക്കൂറുമുള്ള ഒന്നിലധികം ആശയവിനിമയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 8001168888 എന്ന നമ്പറിലുള്ള ഏകീകൃത കോൾ സെന്റർ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ-മെയിൽ, വെബ്സൈറ്റ് എന്നിവയാണത്.
ബോർഡിംഗ് പാസുകൾ നൽകൽ, ജീവനക്കാരുമായി ഇടപഴകൽ, വൈകല്യമുള്ളവർക്ക് സേവനം നൽകൽ, പരിമിതമായ ചലനം മുതലായവ ഉൾപ്പെടെ ഈ ചാനലുകളിലൂടെ അതോറിറ്റിക്ക് പരാതികൾ നൽകാനാകും. എയർപോർട്ടുകളിലെ യാത്രക്കാരുടെ പരാതികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എയർപോർട്ട് ഓപ്പറേറ്റർമാർക്ക് ഇത് കൈമാറണമെന്നും നിർദ്ദേശങ്ങൾ അടങ്ങുന്ന ബുക്ക്‌ലെറ്റ് അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.
