ജിദ്ദ: ജിദ്ദയില്‍ ഇന്നലെ രാവിലെ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ഉണ്ണീന്‍ കുട്ടി മുസ്‌ല്യാരുടെ മകൻ നമ്പ്യേടത്ത് കുഞ്ഞലവിയെ (45) കൊലപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരനാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ പത്തുമണിയോടെ ജിദ്ദ അല്‍ സാമിറിലാണ് സംഭവം.
കുഞ്ഞലവിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഇയാള്‍ കുഞ്ഞലവിയെ കൊലപ്പെടുത്തി തട്ടിയെടുത്ത പണവുമായി വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം ജിദ്ദ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കുഞ്ഞലവിയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ കയ്യിലുള്ള പണം അപഹരിക്കുകയും ചെയ്തിരുന്നു. കളക്ഷന്‍ കഴിഞ്ഞു മടങ്ങവെകയ്യിലുണ്ടായിരുന്ന 80,000 റിയാലോളം കവർന്നതായാണ് സൂചന.
സ്‌പോണ്‍സറും സുഹൃത്തുക്കള്‍ അടക്കമുള്ളവരും കേസുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്.




