ദോഹ: ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിൽ നിബന്ധിത ക്വാറന്റൈൻ പ്രാബല്യത്തിലായി. വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ യാത്രനയങ്ങൾ പ്രകാരമുള്ള മാറ്റങ്ങൾ ഇന്നലെ ഉച്ചയോടെയാണ് പ്രാബല്യത്തിലായത്. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് നിർബന്ധിത ക്വാറന്റൈൻ ബാധകമാക്കിയത്.
നിലവിൽ ദോഹയിൽ വിമാനമിറങ്ങുന്നവരിൽ ഖത്തറിൽ നിന്ന് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ഇവിടെനിന്ന് കൊവിഡ് ബാധിച്ച് ഭേദമായവർക്കും രണ്ടു ദിവസ ഹോട്ടൽ ക്വാറന്റൈൻ ബാധകമാണ്. രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവായാൽ പുറത്തിറങ്ങാം. എന്നാൽ, ഖത്തറിന് പുറത്ത് വിദേശ രാജ്യങ്ങളിൽ നിന്നും വാക്സിൻ എടുത്ത യാത്രക്കാർക്ക് 10 ദിവസമാണ് ഹോട്ടൽ ക്വാറന്റൈൻ. രാജ്യത്തിന് പുറത്തു നിന്ന് കൊവിഡ് ഭേദമായി മടങ്ങിയെത്തുന്നവർക്കും ഇതേ ചട്ടം ബാധകമാവും. ഇന്ത്യയിൽ നിന്നടക്കം ഓൺ അറൈവൽ, സന്ദർശക വിസയിലുള്ള യാത്രക്കാർക്കും 10 ദിവസ സമ്പർക്കവിലക്ക് നിർബന്ധമാവും.
ജൂൺ 12ന് നടപ്പായ യാത്രനയത്തിനു പിന്നാലെ, ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തർ വഴി സഊദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ കുത്തൊഴുക്ക് ആരംഭിച്ചതോടെയാണ് നിർബന്ധിത ക്വാറന്റൈൻ പരിഷ്കാരം നടപ്പാക്കിയത്.
നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പ്രാബല്യത്തിൽ വന്നെങ്കിലും ആറു രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ ഫുൾബുക്കിങ്ങിൽ തന്നെ ദോഹയിൽ ഇറങ്ങുന്നത്. കേരളത്തിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് നേരത്തെ തന്നെ ടിക്കറ്റ് കഴിഞ്ഞതിനാൽ ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഡൽഹി എന്നിവ വഴിയും മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദോഹയിലിറങ്ങി. ഡിസ്കവർ ഖത്തർ വഴിയുള്ള ഹോട്ടൽ സമ്പർക്കവിലക്ക് ബുക്കിങ്ങും സജീവമായി.