സഊദി യു എൻ എ പ്രതിനിധികൾ ഇന്ത്യൻ കോൺസുലേറ്റുമായി കൂടിക്കാഴ്ച നടത്തി

0
1797

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അൽബഹയിൽ നടത്തിയ ഇന്ത്യൻ ആരോഗ്യപ്രവർത്തകരുടെ കൂടിക്കാഴ്ചയിൽ യു എൻ എ പ്രതിനിധികൾ പങ്കെടുത്തു. അൽബഹ സ്വിസ് സ്പിരിറ്റ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, സാമൂഹിക ഷേമ വിഭാഗം കോൺസൽ ഡോക്ടർ മുഹമ്മദ് അലീം, സാമൂഹിക ക്ഷേമ വിഭാഗം ക്ലാർക്ക് മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു. നാഴ്‌സുമാരായ എൽസമ്മ, റോസമ്മ, സോണി എന്നീ യു എൻ എ പ്രതിനിധികൾ ജോലി സംബന്ധമായ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

വെക്കേഷന് നാട്ടിൽ പോകുന്ന ആരോഗ്യ പ്രവർത്തകർക്ക് സഊദിയിലെ ആശുപത്രികൾ നൽകുന്ന ട്രാവൽ ഓർഡർ (ടികറ്റ്) സഊദി എയർലൈൻസ് ചാർട്ടേഡ് വിമാനങ്ങളിൽ യാത്രക്കായി ഉപയോഗപ്പെടുത്താനുള്ള സംവിധാനം, ഫൈനൽ എക്സിറ്റിൽ പോകുന്ന ആരോഗ്യപ്രവർത്തകർക്ക് നാട്ടിൽ പോകുന്നതിനു മുന്നെയോ കാലതാമസം കൂടാതെയോ അനൂകൂല്യങ്ങൾ കിട്ടുക, എക്സിറ്റ് പോകുന്ന സ്റ്റാഫുകളുടെ അവസാന ഡ്യൂട്ടി ദിനം ബാക്കിയുള്ള ലീവുകൾ കുറച്ച് പരിഗണിക്കാത്തതും ഇല്ലെങ്കിൽ ആ ദിവസങ്ങൾ ശമ്പളം ലഭിക്കുന്നില്ലെന്നതും, അൽബഹയിലെ ആരോഗ്യപ്രവർത്തകരുടെ പ്രാഥമിക ആവശ്യങ്ങളിലെ (താമസം ,ഭക്ഷണം) അപര്യാപ്തത തുടങ്ങിയവ സംഘം കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

വിവിധ വിഷയങ്ങളിൽ സഊദി എയർലൈൻസ് മുഖ്യ കാര്യാലയം, ആരോഗ്യമന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവയ്ക്ക് സമർപ്പിക്കാമെന്നും മറ്റു വിഷയങ്ങളിൽ ഓരോ പ്രവിശ്യകളിലെയും ഗവർണ്ണർ ഓഫീസ്, ആരോഗ്യമന്ത്രാലയം റീജിയണൽ ഓഫീസ് അൽബാഹ പ്രവിശ്യ ഗവർണ്ണർ ഓഫീസസ് എന്നിവിടങ്ങളിൽ വിശദാംശങ്ങൾ സമർപ്പിക്കാമെന്നും സ്റ്റാഫുകളുടെ ഡാറ്റാബേസ് തയ്യാറാക്കി കോൺസുലേറ്റിനു സമർപ്പിക്കണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു.

യുണൈറ്റഡ്  നഴ്സസ് അസോസിയേഷൻ മക്ക കോ-ഓർഡിനേറ്ററും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി, മക്ക കോ-ഓർഡിനേറ്റർ ഫിറോസ് ഷാജഹാൻ എന്നിവർ കൂടിക്കാഴ്ച ക്രമീകരിച്ചു.