ഭൂരിപക്ഷം വിദ്യാർത്ഥികളും നാട്ടിൽ, ഇന്ത്യൻ സ്‌കൂൾ തുറക്കാനുള്ള നിർദേശത്തിൽ ആശങ്കയോടെ വിദ്യാർത്ഥികൾ

0
982

റിയാദ്: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകി ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാമെന്ന സഊദി ആരോഗ്യ മന്ത്രാലത്തിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും നിർദേശത്തെ തുടർന്ന് രാജ്യത്തെ ഇന്ത്യൻ എംബസി സ്‌കൂളുകൾ പുനഃരാരംഭിക്കാൻ നടപടികൾ ആരംഭിച്ചുവെങ്കിലും ഇക്കാര്യത്തിൽ ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ജിദ്ദ ഇന്ത്യൻ സ്‌കൂൾ ആണ് അടുത്ത ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.

നിലവിൽ ബഹുഭൂരിപക്ഷം കുടുംബങ്ങളും നാട്ടിലാണുള്ളത്. നാട്ടിൽ നിന്നും തിരിച്ചെത്താൻ സാധിക്കാത്ത ഇവർ നിലവിലെ ഓൺലൈൻ ക്ലാസുകളിൽ നാട്ടിൽ നിന്നുമാണ് പങ്കെടുക്കുന്നത്. ഈ സന്ദർഭത്തിൽ അതിനാൽ അടുത്ത മാസം സാധാരണ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിൽ നാട്ടിലുള്ള കുട്ടികൾക്ക് അത് തിരിച്ചടിയാവും. നാട്ടിൽ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുമില്ല എന്നത് ഇവർ തിരിച്ചെത്തിയാലും ഉടൻ ക്ളാസുകളിൽ കയറാൻ സാധിക്കില്ലെന്നതും പ്രതിസന്ധി തീർക്കുന്നതാണ്.

മാത്രമല്ല, സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങളിൽ മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ കഴിഞ്ഞ ശേഷമേ സഊദിയിലേക്ക് പ്രവേശനം സാധ്യമാകൂ എന്നത് കുടുംങ്ങൾക്ക് കടുത്ത പ്രയാസമായിരിക്കും ഉണ്ടാക്കുക. അതിനാൽ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത ഈ വിദ്യാർഥികളുടെ ഭാവി പഠനം എങ്ങിനെ ആയിരിക്കുമെന്നതിനെക്കുറിച്ച ആശങ്കയിലാണ് രക്ഷിതാക്കൾ. ക്ലാസുകൾ ആരംഭിക്കുമ്പോൾ നാട്ടിൽ കുടുങ്ങിയ വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതർ വ്യക്തത വരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

ഇനിയെങ്കിലും നേരിട്ടുള്ള വിമാന സർവ്വീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല തീരുമാനം സഊദി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാൻ എംബസിയും വിദേശകാര്യ മന്ത്രാലയവും ശക്തമായ നയതത്ര നീക്കം നടത്തണമെന്നും പ്രവാസി കുടുംബങ്ങൾ ആവശ്യപ്പെടുന്നുണ്ട്.