കൊച്ചി: സഊദിയിലേക്കുള്ള യാത്രക്കിടെ മാലിദ്വീപ് വഴി കൂടുതൽ സഊദി പ്രവാസികൾ വരാൻ തുടങ്ങിയതോടെ അവസരം മുതലെടുത്ത് ചില ട്രാവൽസ് ഏജൻസികൾ ചതിക്കുഴികൾ ഒരുക്കുന്നു. പലരിൽ നിന്നും ഉയർന്ന തുകകൾ കൈകകളാക്കി കേരളത്തിൽ നിന്നും വിമാന കയറ്റി വിടുന്നതോടെ കർട്ടനു പിന്നിലേക്ക് മറയുന്ന ട്രാവൽസ് ഏജൻസികൾ പിന്നീടങ്ങോട്ട് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കാത്തതിനാൽ കടുത്ത ദുരിതം നേരിടാൻ നിർബന്ധിതരാകുകയാണ് പ്രവാസികൾ. കഴിഞ ദിവസം മാലിദ്വീപിൽ ഇറങ്ങിയ ഇരുനൂറോളം സഊദി പ്രവാസികളെ മലപ്പുറത്തെ ട്രാവൽസ് ഏജൻസി കയ്യൊഴിഞ്ഞതിനെ തുടർന്ന് ദുരിതത്തിലായ വാർത്ത മലയാളംപ്രസ്സ് പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെ കൂടുതൽ പേർ വിവിധ ട്രാവൽസുകളുടെ ചതിക്കുഴികൾ വെളിപ്പെടുത്തി രംഗത്തെത്തി.
മലപ്പുറത്തെ ട്രാവൽസ് മുഖേന എത്തിയ പ്രവാസികളാണ് മാലിദ്വീപിൽ മണിക്കൂറുകളോളം കാത്തിരുന്നു ദുരിത പർവ്വം നേരിട്ടത്. അവസാനം ഇവർ അന്നത്തെ ദിവസം താത്കാലികാമായി ഒരു കേന്ദ്രത്തിൽ കഴിഞ്ഞു. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ട്രാവൽസ് ഉടമ യാത്രക്കാരുമായി ബന്ധപ്പെടുകയും ഇവരെ അവിടെ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ, ഇപ്പോൾ ഇവർ നിൽക്കുന്ന സ്ഥലവും വളരെ ദുരിതം നിറഞ്ഞതും കൂടുതൽ ആളുകൾക്ക് താമസ യോഗ്യവുമല്ല. സ്ത്രീകളും കുട്ടികളടക്കമുള്ള സംഘത്തെ ക്രൂയിസ് കപ്പലുകളിൽ ആണ് താമസിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത് തന്നെ ഇത്രയും ആളുകൾക്ക് തുടർച്ചയായി താമസിക്കാൻ സാധിക്കാത്തതാണ്.
മലയാളംപ്രസ്സ് വാർത്തയെ തുടർന്ന് ഇത്തരത്തിൽ ചതിയിൽ പെട്ട നിരവധി പ്രവാസികൾ ബന്ധപ്പെടുന്നുണ്ട്. ഇവർക്കെല്ലാവർക്കും സമാനമായ അനുഭവങ്ങളാണ് ഉണ്ടായിട്ടിട്ടുള്ളത്. പാക്കേജ് എടുക്കുന്ന സമയത്ത് ഉയർന്ന വാഗ്‌ദാനങ്ങൾ നൽകി പണം ഈടാക്കിയ ശേഷം മറ്റു രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുത്ത് നൽകി കയറ്റി വിടുന്നതോടെ കൈ കഴുകുന്ന അവസ്ഥയാണ് പല ട്രാവൽസുകളും സ്വീകരിക്കുന്നത്. അവിടെ ചെന്നിറങ്ങുന്ന പ്രവാസികൾക്ക് പിന്നീട് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാന മറ്റോ ആരും ഉണ്ടാകുകയില്ല. നാട്ടിലെ ട്രാവൽസുകളെ ബന്ധപ്പെടുമ്പോൾ ഏജൻസികൾ എത്തുമെന്നും അവരുടെ പ്രശ്നമാണെന്നും പറഞ്ഞു കയ്യൊഴിയുകയാണ് ചെയ്യുന്നത്. ഇതോടെ സഹിച്ച് മുന്നോട്ട് പോകേണ്ട അവസ്ഥയിലാകും യാത്രക്കാർ.
എന്നാൽ, ഭൂരിഭാഗം ട്രാവൽസുകളും മാന്യമായ സംവിധാനങ്ങൾ നൽകി തന്നെയാണ് യാത്രക്കാരെ ഏറ്റെടുക്കുന്നത്. വളരെ അപൂർവ്വം ട്രാവൽസുകൾ മാത്രമാണ് ഇത്തരത്തിൽ പെരുമാറുന്നത്. യാത്രക്കാർ കേരളം വിടുന്നതോടെ ആരും ഇതിനു പിന്നിൽ വരികയില്ലെന്ന തോന്നലാണ് ഇവർക്ക് ഇതിനു പ്രചോദനമാകുന്നത്. എന്നാൽ, ഇത്തരം ട്രാവൽസുകൾക്കെതിരെ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ട വകുപ്പുകൾ. ഇത്തരം ട്രാവൽസുകളെ ബ്ളാക് ലിസ്റ്റിൽ ഉൾപ്പെടണമെന്ന ആവശ്യവുമായി തെളിവുകൾ സഹിതം പരാതി നൽകിയിട്ടുണ്ട്.