റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ കാറ്റും മഴയും ചിലയിടങ്ങളിൽ ശക്തമായ കാറ്റും മലവെള്ളപ്പാച്ചിലും ഉണ്ടായേക്കും. ജിസാൻ, അസീർ, നജ്‌റാൻ, അൽബാഹ, മക്ക എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യാൻ സാധ്യത.
ഇന്ന് മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മക്ക, മദീന, തബൂക്ക്, ഹായിൽ എന്നീ പ്രവിശ്യകളിൽ തരക്കേടില്ലാത്ത രീതിയിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ചിലയിടങ്ങളിൽ ശക്തമായി കാറ്റടിക്കുകയും ചെയ്യും. പ്രളയ സാധ്യത നിലനിൽക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി ആളുകൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളം കെട്ടിനിൽക്കാനും കുത്തൊഴുക്ക് ഉണ്ടാകാനുമിടയുള്ള സ്ഥലങ്ങളിൽനിന്ന് അകന്നു നിൽക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി അഭ്യർഥിച്ചു.
അതേസമയം, കിഴക്കൻ മേഖലയായ ദമാമിലും ഹഫർ അൽ ബാത്വിനിലും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില സൗദയിലുമായിരിക്കും. 12 ഡിഗ്രി മാത്രമായിരിക്കും ഇവിടുത്തെ താപനില