റിയാദ്: ലോകമാസകാലം ഉണ്ടായ കൊവിഡ് വ്യാപാര മാന്ദ്യത്തിനിടെ ഉടലെടുത്ത ഇന്ത്യ, സഊദി വ്യാപാരബന്ധം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ടുകൾ. സഊദിജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച മാസാന്ത റിപ്പോർട്ടിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാകുന്നതായുള്ള കണക്കുകൾ വ്യക്തമാകുന്നത്.
സഊദിയിൽ നിന്ന് എണ്ണയുൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയിൽ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം വീണ്ടും ആയിരം കോടിക്ക് അടുത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ഇരു രാജ്യങ്ങളുടെയും വ്യാപാര മൂല്യം 960 കോടി റിയാലാണെന്നാണ് കണക്കുകൾ. ഇതോടെ ഉഭയകക്ഷി വ്യാപാരം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. 760 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് സഊദി അറേബ്യ കയറ്റി അയച്ചപ്പോൾ 200 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് സഊദി അറേബ്യ ഇറക്കുമതി ചെയ്തത്.
8,220 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സഊദി അറേബ്യ കഴിഞ്ഞ മാസത്തിൽ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. സഊദിയുടെ മൊത്തം വിദേശ വ്യാപാരത്തിലും വലിയ വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 120 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. ഇതേസമയം, 4,440 കോടി റിയാലിന്റെ വിദേശ ഉൽപന്നങ്ങളാണ് വിവിധ രാജ്യങ്ങളിൽനിന്നായി സഊദി ഇറക്കുമതി ചെയ്തിരിക്കുന്നത്.
