സഊദിയിൽ ഞായറാഴ്ച മുതൽ കടകളിലും മാളുകളിലും പ്രവേശനം ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രം

0
3536

റിയാദ്: തവക്കൽന അപ്ലിക്കേഷനിൽ കൊറോണ വൈറസ് രോഗപ്രതിരോധ ശേഷിയുള്ളവർക്ക് മാത്രമേ ഞായറാഴ്ച മുതൽ കടകളിലും മാളുകളിലും പ്രവേശനം അനുവദിക്കൂ എന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ ഉപഭോക്താക്കളും ഇക്കാര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രണ്ട് ഡോസ്, അല്ലെങ്കിൽ ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ വഴി രോഗപ്രതിരോധം നേടിയവരും അല്ലെങ്കിൽ കൊറോണ വൈറസ് ബാധിച്ച് സുഖപ്പെട്ടവരും ആയ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ, ചില വിഭാഗക്കാർക്ക് അവരുടെ പ്രായത്തിന്റെയും ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസിനെതിരെ കുത്തിവയ്പ് എടുത്ത ആളുകളെ മാത്രമേ ഓഗസ്റ്റ് 1 മുതൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്തവ്യാപാര, റീട്ടെയിൽ സ്റ്റോറുകൾ, പബ്ലിക് യൂട്ടിലിറ്റി മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പുരുഷന്മാരുടെ ബാർബർഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് സഊദി അംഗീകരിച്ച വാക്സിനുകളിൽ ഒന്നോ രണ്ടോ ഡോസുകൾ സ്വീകരിക്കുകയോ വൈറസ് ബാധയേറ്റ് സുഖപ്പെടുകയോ ചെയ്യേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എല്ലാ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക പ്രവർത്തനങ്ങളിലേക്കും പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാണെന്ന് മന്ത്രാലയം വൃത്തങ്ങൾ വിശദീകരിച്ചു. എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സംവിധാനങ്ങളിലേക്കും പൊതു ഗതാഗത ഉപയോഗത്തിനും ആഗസ്റ്റ് ഒന്ന് മുതൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തവക്കൽന ആപ്ലിക്കേഷൻ ഉപയോഗിച്ചായിരിക്കും ഇത് ഉറപ്പ് വരുത്തുക.