സഊദിയിൽ നിന്ന് പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ വൻവർധന

0
1720

റിയാദ്: കൊവിഡ് പ്രതിസന്ധി കാലത്തും സഊദിയിൽ നിന്ന് നാട്ടിലേക്കയച്ച പണത്തിൽ വർധനവെന്ന് കണക്കുകൾ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിദേശികൾ സ്വന്തം നാട്ടിലേക്ക് അയച്ചത് 6,322 കോടി റിയാൽ ആണ്. മുൻവർഷം ഇതേ കാലയളവിൽ 5,548 കോടി റിയാലായിരുന്നിടത്താണ് പ്രതിസന്ധി കാലത്തും ഈ വർധന. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ വിദേശികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് വൈകുന്നതാണ് പണമിടപാട് വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ വർഷം ആദ്യത്തെ അഞ്ച് മാസങ്ങൾക്കിടെ 774 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പ്രവാസിയുടെ ശരാശരി പ്രതിശീർഷ റെമിറ്റൻസിലും ഇത് വർധനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 19,124 റിയാലായിരുന്ന പ്രതിശീർഷ റെമിറ്റൻസ് 23,910 റിയാലായി ഉയർന്നു. ഇതോടെ രാജ്യത്തെ വിദേശികളുടെ മൊത്തം റെമിറ്റൻസ് തുക രാജ്യത്തെ സ്വകാര്യ മേഖലയിലെ ആഭ്യന്തര ഉൽപാദനത്തിന്റെ 11.3 ശതമാനം വരുമെന്നും കണക്കുകൾ പറയുന്നു.