പൂർണ്ണ വാക്സിൻ കുത്തിവെപ്പ് എടുത്ത ടൂറിസം വിസക്കാർക്കും പ്രവേശനം, സഊദി നിലപാടിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസ ലോകം

0
4084

റിയാദ്: സഊദിയിലേക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് പൂർണ്ണമായും സ്വീകരിച്ചവർക്ക് നേരിട്ട് ക്വാറന്റൈൻ ഇല്ലാതെ തന്നെ ടൂറിസം വിസയിൽ പ്രവേശനം അനുവദിച്ച നീക്കത്തിൽ പ്രതീക്ഷയോടെ പ്രവാസ ലോകം. ഇതേ നിലപാടിൽ പ്രവാസികൾക്കും ഉടൻ പ്രവേശനം അനുവദിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് പ്രവാസികൾ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ നിലവിൽ പതിനാല് ദിവസം മറ്റു രാജ്യങ്ങളിൽ തങ്ങിയ ശേഷമാണ് സഊദിയിലേക്ക് പ്രവാസികൾ പ്രവേശിക്കുന്നത്. എന്നാൽ, പൂർണ്ണ കുത്തിവെപ്പ് എടുത്തവർക്ക് ടൂറിസം വിസയിൽ പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ പൂർണ്ണ കുത്തുവെപ്പെടുത്ത പ്രവാസികൾക്കും ഇത് പോലെ പ്രവേശനാനുമതി നൽകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

നിലവിൽ രാജ്യം പൂർണ്ണ വാക്സിൻ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഇത് പൂർണ്ണമാകുന്നതോടെ പുറത്ത് നിന്നുള്ള പ്രവേശനവും വാക്സിൻ പൂർണ്ണമായും സ്വീകരിച്ചവർക്ക് മാത്രമാക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നേരിട്ടുള്ള പ്രവേശനവും അനുവദിക്കുമെന്നാണ് കരുതുന്നത്. നിലവിൽ രാജാവ് പ്രഖ്യാപിച്ച സൗജന്യ ഇഖാമ, റീ എൻട്രി പുതുക്കൽ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. അതെ സമയത്തോടൊപ്പം തന്നെ വാക്സിനേഷൻ ലക്ഷ്യവും പൂർത്തീകരണത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. എങ്കിൽ പൂർണ്ണ വാക്സിൻ എടുത്തവർക്ക് പ്രവേശനം എന്ന നിലയിലേക്ക് ഭരണകൂടം തീരുമാനം കൈകൊള്ളുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അതെ സമയം തന്നെ ഇന്ത്യയിലെ ഡെൽറ്റ വകഭേദം അതീവ ഗുരുതരമെന്ന ആരോഗ്യ മന്ത്രാലയ വെളിപ്പെടുത്തൽ ആശങ്കയും നൽകുന്നുണ്ട്.