ഖത്തറിൽ ഓൺ അറൈവൽ വിസയിലെത്തിയ ആദ്യ മലയാളികൾ ഇന്ന്​ സഊദിയിലെത്തും ​

0
2360

ദോഹ: സഊദിയിലേക്കുള്ള യാത്രക്കായി ഖത്തറിലെത്തിയ ആദ്യ സംഘം ഇന്ന് സഊദിയിലിറങ്ങും. ഖത്തറിലെത്തിയ ആയിരത്തിലേറെ വരുന്ന സഊദി പ്രവാസികൾക്കും യാത്ര പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിനു പ്രവാസികൾക്കും പ്രതീക്ഷയായാണ് ആദ്യ സംഘം ഇന്ന് ഖത്തറിൽ നിന്ന് സഊദിയിലേക്ക് എത്തിച്ചേരുന്നത്. ഖത്തറിൽ നിന്ന് സഊദിയിലേക്കുള്ള പ്രവേശനത്തിൽ യാതൊരു വിധ തടസങ്ങളും ഉണ്ടാകാതിരിക്കട്ടെയെന്ന പ്രാർത്ഥനയിലാണ് ഖത്തർ വഴി സഊദിയിലേക്ക് ​ മടങ്ങാൻ ദോഹയിലും നാട്ടിലും കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികൾ.

ഓൺ അറൈവൽ വിസയിൽ ജൂലൈ 15ന്​ ഖത്തറിലെത്തിയ മലയാളികളാണ് ഇവിടെ 14 ദിവസം പൂർത്തിയാക്കിയതോടെ ഇന്ന് സഊദിയിലേക്ക് പറക്കുന്നത്. സഊദിയിലെ ത്വാഇഫിൽ ജോലിചെയ്യുന്ന മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്​ദുൽ റസാഖ്, പാലക്കാട്​ എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീൻ, ബഷീർ എന്നിവരാണ് ഇന്ന് രാത്രി ദോഹയിൽ നിന്ന് സഊദിയിൽ ഇറങ്ങുന്നത്. സഊദി പ്രവേശനത്തിന് മുന്നോടിയായി രണ്ടാഴ്ച്ചത്തെ ഖത്തർ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇവർ മൂവരും വ്യാഴാഴ്​ച അർധരാത്രിയിൽ സഊദിയിലേക്ക് വിമാനം കയറും. സഊദിയുടെ തവക്കൽന ആപ്ലിക്കേഷനിൽ ‘ഇമ്യൂൺ സ്​റ്റാറ്റസും’ ഉറപ്പാക്കിയ സംഘം ഇന്നു​ രാത്രി 12.40ന്​ ഖത്തർ എയർവേസ്​ വിമാനത്തിലാണ് സഊദിയിലേക്ക് പറക്കുന്നത്. സഊദിയിൽ എത്തുന്ന ഇവർക്ക് ഇമ്യൂൺ സ്​റ്റാറ്റസ്​ ലഭ്യമായതിനാൽ ക്വാറൻറീൻ ഇല്ലാതെതന്നെ പുറത്തിറങ്ങാനും കഴിയും.

നിലവിൽ ഖത്തറിൽ നിന്ന് സഊദിയിലേക്ക് യാത്രാ തടസങ്ങളൊന്നും ഇല്ലെങ്കിലും സഊദിയിലേക്ക് ഇന്ത്യക്കാർ പ്രവേശിക്കുന്നത് കാത്തിരിക്കുകയാണ് ആയിരക്കണക്കിന് പ്രവാസികൾ. ഇതിനു ശേഷം യാത്ര സജ്ജീകരിക്കാം എന്ന കരുതി കാത്ത് നിൽക്കുന്നവരും ഉണ്ട്. നിലവിൽ ഖത്തറിൽ സഊദി പ്രവാസികൾക്ക് പുറമെ, ഒമാൻ, യു എ ഇ പ്രവാസികളും പ്രവേശനത്തിന് മുന്നോടിയായി കാത്തിരിക്കുന്നുണ്ട്. സങ്കീർണമായ നടപടിക്രമങ്ങളോ, സാമ്പത്തിക ഭാരമോ ഇല്ലാതെ ഖത്തറിലെത്തി രണ്ടാഴ്​ച പിന്നിട്ടാൽ, ലക്ഷ്യത്തിലെത്താമെന്ന പ്രതീക്ഷയിൽ 14 ദിവസത്തിനിടെ ആയിരക്കണത്തിന്​ പ്രവാസികളാണ്​ ദോഹയിലെത്തിയത്​. ഇവരെല്ലാം, വരും ദിനങ്ങളിൽ അവരവരുടെ സ്വന്തം ജോലി രാജ്യങ്ങളിലേക്ക് ​ മടങ്ങാൻ കാത്തിരിക്കുകയാണ്​.

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്​പോർട്ട്​, റി​ട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ്​, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്​, ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ്​ വാക്​സിൻെറ രണ്ട്​ ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കൊവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ പരിശോധന ഫലം, ​രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി​ ഇഹ്​തിറാസ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത​ അനുമതി, അക്കൗണ്ടിലോ കൈവശമോ 5,000 റിയാലോ തത്തുല്യമായ തുകയോ ഉണ്ടാകണം എന്നീ ഉപാധികളാണ്​ ഖത്തറിലേക്ക്​ ഓൺ അറൈവൽ വിസയിലെത്താനായി യാത്രക്കാർക്കുള്ള നിർദേശം.